16 വയസുള്ള മുസ്ലിം പെൺകുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാം: പഞ്ചാബ്-ഹരിയാന ഹൈക്കോടതി

single-img
19 June 2022

പതിനാറ് വയസ് തികഞ്ഞാൽ മുസ്ലിം പെൺകുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. 21 വയസുള്ള യുവാവും ഇയാളുടെ 16 വയസുള്ള പെൺകുട്ടിയും കുടുംബാംഗങ്ങളിൽ നിന്ന് ജീവനും സ്വാതന്ത്ര്യത്തിനും സംരക്ഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് വിധി. ജസ്റ്റിസ് ജസ്ജിത് സിങ് ബേദിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

മുസ്ലിം പെൺകുട്ടികളുടെ വിവാഹ പ്രായം കണക്കാക്കുന്നത് മുസ്ലിം വ്യക്തി നിയമമാണ്. സർ ദിൻഷാ ഫർദുൻജി മുല്ലയുടെ ‘പ്രിൻസിപ്പിൾസ് ഓഫ് മുഹമ്മദൻ ലോ’ എന്ന പുസ്തകത്തിൽ ആർട്ടിക്കിൾ 195 പ്രകാരം, 16 വയസിനു മുകളിലുള്ള പെൺകുട്ടിക്ക് അവർക്ക് ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാം.

നിലവിൽ ഹർജിക്കാരന് 21 വയസിനു മുകളിൽ പ്രായമുണ്ടെന്ന് വ്യക്തമാണ്. അതിനാൽത്തന്നെ പരാതിക്കാരായ രണ്ടു പേർക്കും ഒന്നിച്ചു ജീവിക്കാനുള്ള പ്രായപൂർത്തിയായിട്ടുണ്ട്.” ജസ്റ്റിസ് ബേദി തന്റെ വിധിയിൽ ചൂണ്ടിക്കാട്ടി.

ഏതാനും നാളുകളായി തങ്ങൾ പ്രണയത്തിലാണെന്നും ജൂൺ എട്ടിന് മുസ്ലിം ആചാര പ്രകാരം തങ്ങളുടെ വിവാഹം കഴിഞ്ഞെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു. ശരീഅത്ത് നിയമ പ്രകാരം ഋതുമതിയാകുന്നതും പ്രായപൂർത്തിയാകുന്നതും ഒന്നാണെന്നും 15 വയസിൽ ഒരാൾക്ക് പ്രായപൂർത്തിയാകുമെന്ന് അനുമാനം ഉണ്ടെന്നും ഹർജിക്കാർ കോടതിയിൽ വാദിച്ചു.

എന്നാൽ പ്രായപൂർത്തിയായ ഒരു മുസ്ലിം പെൺകുട്ടിക്കും മുസ്ലിം ആൺ കുട്ടിക്കും തങ്ങൾക്ക് ഇഷ്ടമുള്ള ആരെയും വിവാഹം കഴിക്കാൻ സ്വാതന്ത്ര്യം ഉണ്ടെന്നും രക്ഷിതാക്കൾക്ക് ഇടപെടാൻ അവകാശം ഇല്ലെന്നും ദമ്പതികൾ വാദിച്ചു.