ട്രെയിനുകളും ബസുകളും കത്തിക്കുന്നവർ സായുധ സേനയിൽ വേണ്ട: മുന്‍ കരസേനാ മേധാവി വി പി മാലിക്

single-img
18 June 2022

ഇന്ത്യൻ സൈന്യത്തിലേക്കുള്ള ഹ്രസ്വകാല റിക്രൂട്ട്മെന്‍റ് സ്കീം ആയ അഗ്നിപഥിനെ പിന്തുണച്ച് മുന്‍ കരസേന മേധാവി വി പി മാലിക്. കാർഗിൽ യുദ്ധ കാലഘട്ടത്തിൽ ഇന്ത്യയെ നയിച്ച കരസേനാ മേധാവിയാണ് ജനറൽ വി പി മാലിക്. കേന്ദ്രസർക്കാരിന്റെ അഗ്നിപഥിനെതിരായ പ്രതിഷേധത്തിനിടെ നടക്കുന്ന അക്രമങ്ങൾക്ക് ഉത്തരവാദികളായ ഗുണ്ടകളെ റിക്രൂട്ട് ചെയ്യാൻ സൈന്യത്തിന് താൽപ്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

വിപി മാലിക്കിന്റെ വാക്കുകൾ ഇങ്ങിനെ: “നമ്മുടെ രാജ്യത്തിന്റെ സായുധ സേന ഒരു സന്നദ്ധ സേനയാണെന്ന് നമ്മള്‍ മനസ്സിലാക്കണം. ഇതൊരു ക്ഷേമ സംഘടനയല്ല. രാജ്യത്തിന് വേണ്ടി പോരാടാൻ കഴിയുന്ന ഏറ്റവും മികച്ച ആളുകളെയാണ് വേണ്ടത്. ഗുണ്ടായിസത്തിൽ ഏർപ്പെടുന്നവരും ട്രെയിനുകളും ബസുകളും കത്തിക്കുന്നവരും സായുധ സേനയിൽ വേണ്ട.

റിക്രൂട്ട്മെന്‍റ് നടക്കാതിരുന്ന ഈ വര്‍ഷങ്ങളില്‍ പലര്‍ക്കും അവസരം നഷ്ടമാ യിട്ടുണ്ട്. അവരിൽ ചിലർക്ക് പ്രായപരിധി കഴിഞ്ഞിട്ടുണ്ടാവും. അവർ അഗ്നിപഥ് പദ്ധതിക്ക് അർഹരായിരിക്കില്ല. അതിനാൽ അവരുടെ ഉത്കണ്ഠയും നിരാശയും മനസ്സിലാക്കാന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.കൂട്ടിച്ചേർത്തു.

അതേപോലെ തന്നെ നാലു വര്‍ഷം കഴിയുമ്പോള്‍ തൊഴില്‍രഹിതരാവുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും ജനറല്‍ മാലിക് പറഞ്ഞു. കേന്ദ്ര സർക്കാരിന് കീഴിലെ പൊലീസിലേക്കും അർദ്ധസൈനിക വിഭാഗത്തിലേക്കും പരിഗണിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. കുറേ പേര്‍ക്ക് സ്വകാര്യ മേഖലയില്‍ ജോലി ലഭിക്കും. പദ്ധതി നടപ്പാക്കുന്ന മുറയ്ക്ക് ആശങ്കകൾ പരിശോധിക്കുമെന്നും ജനറല്‍ മാലിക് പറഞ്ഞു.