അഗ്നിപഥ് പ്രക്ഷോഭങ്ങൾ; ബിഹാറിലെ ബിജെപി നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി കേന്ദ്രസർക്കാർ

single-img
18 June 2022

അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകവേ ബിഹാറിൽ ബിജെപി നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി കേന്ദ്രസർക്കാർ. സംസ്ഥാനത്തെ ഉപമുഖ്യമന്ത്രിമാർക്കും എംഎൽഎമാർക്കും ഉൾപ്പെടെയാണ് സർക്കാർ അടിയന്തിര സുരക്ഷ ഏർപ്പെടുത്തിയത്.

ഇന്ത്യൻ സൈന്യത്തിലെ കരാർ നിയമനമായ അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് നടപടി. കേന്ദ്ര സർക്കാരിന്റെ ഉത്തരവ് വന്നതിന് പിന്നാലെ നേതാക്കളുടെ സുരക്ഷ സിആർപിഎഫ് ഏറ്റെടുത്തു. യുവാക്കളുടെ ജനകീയ പ്രതിഷേധത്തിൽ ബിഹാർ ഉപമുഖ്യമന്ത്രിയുടേയും എംഎൽഎമാരുടേയും വീടുകൾ ആക്രമിക്കപ്പെട്ടിരുന്നു.

ഇതിനെ തുടർന്നായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇവർക്ക് സിആർപിഎഫ് സുരക്ഷ ഏർപ്പെടുത്തിയത്. സംസ്ഥാന ബിജെപി അധ്യക്ഷൻ ജയ്‌സ്വാളിന്റെയും ബിഹാർ ഉപമുഖ്യമന്ത്രി രേണുദേവിയുടെയും വീടുകൾ പ്രതിഷേധക്കാർ തകർത്തിരുന്നു.