കാർഷിക നിയമങ്ങൾ പോലെ കേന്ദ്രത്തിന് അഗ്നിപഥ് പദ്ധതിയും പിൻവലിക്കേണ്ടിവരും: രാഹുൽ ഗാന്ധി

single-img
18 June 2022

നേരത്തെ കാർഷിക നിയമങ്ങൾ പിൻവലിച്ചപോലെ ഇപ്പോൾ കേന്ദ്രസർക്കാരിന് അഗ്നിപഥ് പദ്ധതിയും പിൻവലിക്കേണ്ടിവരുമെന്ന് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനികരോട് മാപ്പ് പറയേണ്ടി വരുമെന്നും, ബിജെപി സർക്കാർ കഴിഞ്ഞ എട്ട് വർഷമായി ‘ജയ് ജവാൻ, ജയ് കിസാൻ’ മൂല്യങ്ങളെ അവഹേളിക്കുകയാണെന്നും രാഹുൽ ട്വീറ്റ് ചെയ്തു.

രാഹുൽ എഴുതിയത് ഇങ്ങിനെ: ‘അഗ്നിപഥ് – നമ്മുടെ യുവാക്കൾ നിരസിച്ചു, കാർഷിക നിയമം – കർഷകർ നിരസിച്ചു, നോട്ട് നിരോധനം – സാമ്പത്തിക വിദഗ്ധർ നിരസിച്ചു, ജിഎസ്ടി – വ്യാപാരികൾ നിരസിച്ചു എന്ന് രാഹുൽ ഗാന്ധി വെള്ളിയാഴ്ച ട്വീറ്റ് ചെയ്തിരുന്നു. ‘സുഹൃത്തുക്കളുടെ’ ശബ്ദമല്ലാതെ മറ്റൊന്നും കേൾക്കാത്തതിനാൽ രാജ്യത്തെ ജനങ്ങൾക്ക് എന്താണ് വേണ്ടതെന്ന് പ്രധാനമന്ത്രിക്ക് മനസ്സിലാകുന്നില്ലെന്നും രാഹുൽ പറയുന്നു.

അതേസമയം, അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമായതോടെ കേന്ദ്രം ചെറുതായി അയയുകയുണ്ടായി . അഗ്നിവീർ പദ്ധതിയിലൂടെ സൈനിക സേവനം പൂർത്തിയാക്കുന്നവർക്ക് അർദ്ധസൈനിക വിഭാഗങ്ങളിൽ സംവരണം നൽകുമെന്ന് കേന്ദ്രസർക്കാർ ഇന്ന് പ്രഖ്യാപിച്ചു.