സ്വപ്‌ന സുരേഷിന്റെ രഹസ്യ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സരിത എസ് നായർ കോടതിയിൽ

single-img
17 June 2022

വിവാദമായ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ രഹസ്യ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സോളാര്‍ കേസ് പ്രതിയായ സരിത എസ് നായർ കോടതിയിൽ. തന്നെ കുറിച്ചും സ്വപ്ന കോടതിയിൽ നൽകിയ മൊഴിയിൽ പരാമര്‍ശങ്ങളുണ്ടെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞുവെന്നും ഈ കാര്യത്തിൽ വിശദമായ വിവരങ്ങളറിയാൻ അവകാശമുണ്ടെന്നും സരിത എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടി.

അതേസമയം, സ്വപ്നയുടെ രഹസ്യമൊഴി തങ്ങൾക്ക് വേണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ചും കോടതിയെ സമീപിച്ചിരുന്നു. പക്ഷെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഈ ഹര്‍ജി തള്ളുകയായിരുന്നു. ക്രൈം ബ്രാഞ്ച് ആവശ്യം ചോദ്യം ചെയ്ത് സ്വപ്നയുടെ അഭിഭാഷകൻ അഡ്വ കൃഷ്ണരാജ് കോടതിയിൽ വാദിച്ചു. രഹസ്യമൊഴിയുടെ പകർപ്പ് ക്രൈം ബ്രാഞ്ചിന് നൽകരുതെന്നും ക്രൈം ബ്രാഞ്ചിന് എന്തിനാണ് ഈ രഹസ്യമൊഴിയെന്നും അദ്ദേഹം ചോദിച്ചു.

ഇതിനു മറുപടിയായി തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് സ്വപ്ന സുരേഷിനെതിരെ ചുമത്തിയ ഗൂഢാലോചന കേസിലെ അന്വേഷണത്തിന് സ്വപ്നയുടെ രഹസ്യമൊഴി അത്യാവശ്യമാണെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞെങ്കിലും കോടതി അനുവദിച്ചില്ല.