പാകിസ്ഥാനും സാമ്പത്തിക പ്രതിസന്ധിയിലേക്ക്; പൗരന്മാരോട് ചായ കുടി കുറയ്ക്കാൻ ആവശ്യപ്പെട്ട് സർക്കാർ

single-img
17 June 2022

ഏഷ്യൻ രാജ്യങ്ങളിൽ ശ്രീലങ്കക്ക് പിന്നാലെ പാകിസ്ഥാനും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിന്റെ സൂചനകൾ വന്നുതുടങ്ങി. 22 കോടി ജനസംഖ്യ ഉള്ള പാകിസ്ഥാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. രാജ്യത്തിന്‍റെ ധനകമ്മി കൂടുകയാണ്. ജൂലൈയിൽ ആരംഭിക്കുന്ന 2022/23 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പാകിസ്ഥാന്‍ ധനമന്ത്രി തന്നെയാണ് ഈ കാര്യം അറിയിച്ചത്.

രാജ്യത്തിന്റെ ധനക്കമ്മി നിയന്ത്രിക്കുന്നതിനും അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) സഹായം സുഗമമായി ലഭിക്കാനും കര്‍ശന സാമ്പത്തിക നിയന്ത്രണങ്ങളിലേക്ക് നീങ്ങുകയാണ് പാകിസ്ഥാന്‍. സമ്പന്നർക്ക് നികുതി വർധിപ്പിക്കുമെന്നും സർക്കാർ ഉദ്യോഗസ്ഥരെ പുതിയ കാറുകൾ വാങ്ങുന്നതിൽ നിന്ന് വിലക്കുമെന്നുമാണ് പാക്കിസ്ഥാൻ ധനമന്ത്രി മിഫ്താ ഇസ്മായിൽ കഴിഞ്ഞ ദിവസം പറഞ്ഞത്.

ഇതോടൊപ്പം തന്നെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നടപടികളുടെ ഭാഗമായി പൗരന്മാരോട് ചായ കുടി കുറയ്ക്കാനും പാകിസ്ഥാൻ ഗവണ്മെന്റ്. ആവശ്യപ്പെട്ടു. ഷെഹ്ബാസ് ശരീഫ് മന്ത്രിസഭയിലെ പ്ലാനിങ് വകുപ്പ് മന്ത്രിയായ ഇഹ്‌സാൻ ഇക്‌ബാൽ ആണ് ജനങ്ങളോട് ദിവസേന ഒന്നോ രണ്ടോ കപ്പുമാത്രമായി ചായകുടി ചുരുക്കണം എന്ന് അഭ്യർത്ഥിച്ചത്.

ഈ കാലഘട്ടത്തിൽ ലോകത്തിലെ ഏറ്റവും വലിയ തേയില ഇറക്കുമതി രാജ്യങ്ങളിൽ ഒന്നായ പാകിസ്ഥാൻ, ഈ ഇനത്തിൽ മാത്രം ചെലവിടുന്നത് വർഷാവർഷം 600 മില്യൺ ഡോളറാണ്. ‘തേയില ഇറക്കുമതി ചെയ്യാൻ പണം കടം വാങ്ങേണ്ട സ്ഥിതിയാണ്. ജനങ്ങൾ ഒന്ന്-രണ്ട് കപ്പ് ചായ കുറയ്ക്കണമെന്നാണ് അഭ്യർത്ഥന’- ആസൂത്രണ വിഭാഗം മന്ത്രി അഹ്സാൻ ഇഖ്ബാൽ പറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസം പാകിസ്ഥാൻ സർക്കാർ ഇന്ധന വില 29 ശതമാനം വരെ ഒറ്റയടിക്ക് വർധിപ്പിച്ചു. ധനക്കമ്മി കുറയ്ക്കുന്നതിനും സമ്പദ്‌വ്യവസ്ഥക്ക് ഐഎംഎഫിൽ നിന്ന് സഹായം തേടാനുമാണ് ഇന്ധന സബ്‌സിഡി എടുത്തുകളഞ്ഞത്. മൂന്നാം തവണയാണ് 20 ദിവസത്തിനിടെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഇന്ധന സബ്‌സിഡി വെട്ടിക്കുറയ്ക്കുന്നത്. വർധിപ്പിച്ച വില ബുധനാഴ്ച അർധരാത്രി മുതൽ പ്രാബല്യത്തിൽ വന്നു. പെട്രോൾ വിലയിൽ ലിറ്ററിന് 24 രൂപയും ഹൈ സ്പീഡ് ഡീസൽ ലിറ്ററിന് 59.16 രൂപയും (എച്ച്എസ്ഡി) വൻതോതിൽ വർധിപ്പിച്ചു. മെയ് 25 മുതൽ പെട്രോളിയം വിലയിൽ 60 രൂപ വർധിച്ചിരുന്നു. അതിനു മുകളിലാണ് ഏറ്റവും പുതിയ വർധനവ്.