അഗ്‌നിപഥ് പ്രതിഷേധം; തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിനിന് നേർക്ക് മധ്യപ്രദേശില്‍ ആക്രമണം

single-img
16 June 2022

ഇന്ത്യൻ സൈന്യത്തിലേക്കുള്ള കരാർ അടിസ്ഥാനത്തിൽ നടത്തുന്ന പുതിയ റിക്രൂട്ടിങ് നയം പ്രഖ്യാപിച്ച കേന്ദ്രത്തിന്റെ അഗ്‌നിപഥ് പദ്ധതിയ്ക്കെതിരെ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു. ഇതിന്റെ ഭാഗമായി ഉത്തരേന്ത്യയില്‍ പലയിടത്തും ട്രെയിനുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. കേരളത്തിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിനിന് നേരെ മധ്യപ്രദേശില്‍വെച്ച് അക്രമണമുണ്ടായി.

കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട 12,643 നിസാമുദ്ദീന്‍ എക്‌സ്പ്രസിന് നേരെയാണ് ഗ്വാളിയോര്‍ സ്റ്റേഷനില്‍ വെച്ച് അക്രമമുണ്ടായത്. പ്രതിഷേധക്കാരുടെ ആക്രമണത്തിൽ സെക്കന്റ് എ.സി, തേര്‍ഡ് എ.സി കമ്പാര്‍ട്ടുമെന്റുകളിലെ മിക്ക ഗ്ലാസുകളും തകര്‍ന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഈ ട്രെയിനില്‍ നിരവധി മലയാളികളാണ് യാത്രചെയ്യുന്നത്. സ്ലീപ്പറിലും ജനറല്‍ കംപാര്‍ട്ടുമെന്റിലും യാത്ര ചെയ്യുന്ന നിരവധി പേര്‍ക്ക് പരിക്കേറ്റതായി യാത്രക്കാര്‍ പറഞ്ഞു. കൈകളിൽ ഇരുമ്പ് വടികളും മറ്റുമായി കൂട്ടത്തോടെ ഓടി വന്ന് ട്രെയിനിന് നേരെ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് യാത്രക്കാര്‍ പറയുന്നത്. പൂര്‍ണമായും തകര്‍ന്ന ഗ്ലാസില്‍ താല്‍ക്കാലികമായി കാര്‍ഡ്‌ബോര്‍ഡ് വെച്ച് ട്രെയിന്‍ യാത്ര തുടരുകയാണ് എന്നാണ് ലഭ്യമാകുന്ന വിവരം..