സുരക്ഷക്കായി എഴുനൂറിലധികം പോലീസുകാർ; മുഖ്യമന്ത്രി ഇന്ന് മലപ്പുറത്ത്

single-img
12 June 2022

സ്വർണ്ണ കടത്തുകേസുമായ് ബന്ധപ്പെട്ട് സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയുണ്ടായ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കനത്ത സുരക്ഷയിൽ ഇന്ന് മലപ്പുറത്ത് പരിപാടികളിൽ പങ്കെടുക്കും.

എഴുനൂറിലധികം പൊലീസുകാരെ വിന്യസിച്ചുകൊണ്ടുള്ള അസാധാരണ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എസ് പി, ഡിവൈഎസ്പിമാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെല്ലാം സുരക്ഷാ ചുമതല വഹിക്കുന്നുണ്ട്. അതേസമയം, ഇപ്പോൾ മുഖ്യമന്ത്രി താമസിക്കുന്ന തൃശ്ശൂര്‍ രാമനിലയം പൊലീസ് വലയത്തിലാണ്.

രാവിലെ 10 മണിക്ക് മലപ്പുറം തവനൂര്‍ സെന്‍ട്രല്‍ ജയിലിന്റെ ഉദ്ഘാടനമാണ് ആദ്യത്തെ പരിപാടി. ഇവിടെ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ ഒരുമണിക്കൂര്‍ മുമ്പ് എത്തണം. ഉദ്ഘാടനവേദിയിലേക്ക് ഒന്‍പത് മണിക്ക് ശേഷം പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. ഒന്‍പത് മണിക്ക് ശേഷം കുറ്റിപ്പുറം പൊന്നാനി റോഡ് അടച്ച് ബദല്‍ ക്രമീകരണം ഏര്‍പ്പെടുത്താനാണ് പൊലീസിന്റെ നീക്കം. തവനൂരിലെ വേദിക്ക് സമീപത്തേക്ക് യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മന്ത്രി മുഹമ്മദ് റിയാസ്, കെടി ജലീല്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവരും പങ്കെടുക്കുന്നതിനാല്‍ കടുത്ത ജാഗ്രതയിലാണ് പൊലീസ്.

തുടര്‍ന്ന് 11 മണിക്ക് പുത്തനത്താണിയില്‍ ഇഎംഎസ് ദേശീയ സെമിനാര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അതിന് ശേഷം മുഖ്യമന്ത്രി കോഴിക്കോടേക്ക് പോകും. മൂന്ന് പരിപാടികളില്‍ പങ്കെടുക്കും. മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടികളില്‍ കര്‍ശന നിയന്ത്രണം തുടരാനാണ് തീരുമാനം