ചിലർ മതവിദ്വേഷത്തിന്റെയും പകയുടെയും തീക്കനലുകൾ ഉണ്ടാക്കുന്നു; പ്രവാചക നിന്ദയിൽ രാജ്യത്തെ ഹൈന്ദവ സമൂഹം ഉത്തരവാദികളല്ല: കാന്തപുരം

single-img
9 June 2022

ചിലർ നടത്തിയ പ്രവാചക നിന്ദാ പരാമർശങ്ങൾ ഇസ്‍ലാംമത വിശ്വാസികൾക്കു പുറമെ രാജ്യത്തോടും ലോകജനതയോടും കൂടിയുള്ള അനാദരവാണെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. നമ്മുടെ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ഹൈന്ദവ സമൂഹം വിവാദ പരാമർശങ്ങൾക്ക് ഉത്തരവാദികളല്ലെന്നും ഇവിടെയുള്ള ബഹുഭൂരിഭാഗം ജനങ്ങൾ, ഹിന്ദുക്കളും മുസ്‍ലിംകളും മറ്റുമതസ്ഥരും ഈ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളും ബഹുസ്വരതയും കാത്തുസൂക്ഷിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

ഇസ്‌ലാം വിശ്വാസികൾ വലിയ വേദനയിലൂടെ കടന്നുപോകുന്ന ഘട്ടമാണിത്. ഈ സമയം നിന്ദ്യപരാമർശങ്ങളുടെ പേരിൽ ഹൈന്ദവ മതവിഭാഗത്തെയാകെ കുറ്റപ്പെടുത്തരുത്-കാന്തപുരം പറഞ്ഞു. ”ഹിന്ദുമത വിശ്വാസികൾക്കെതിരെയുള്ള തെറ്റായ സമീപനത്തിന് ഇത് കാരണമാവരുത്. ഗൾഫ് രാജ്യങ്ങളിലും മറ്റും ജോലികളിൽനിന്ന് ഹൈന്ദവസഹോദരങ്ങളെ പിരിച്ചുവിടാനോ നമ്മുടെ സാമൂഹികജീവിതത്തെ ഈ പ്രശ്‌നങ്ങൾ ബാധിക്കാനോ ഇടവരരുത്.

ഇതുപോലെയുള്ള സന്ദർഭങ്ങൾ ദുരുപയോഗം ചെയ്ത് വിവിധ മതവിഭാഗങ്ങൾക്കിടയിൽ സ്പർധ സൃഷ്ടിക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ രാജ്യം ഒന്നിച്ചുനിന്ന് അവരെ ഒറ്റപ്പെടുത്തണം. പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് ഒന്നുമറിയാത്തവരാണ് ഈ പരാമർശങ്ങൾ നടത്തിയത്. ഇന്ത്യയിലെ ബഹുഭൂരിഭാഗം ജനങ്ങളും വിവിധ മതങ്ങളെയും സംസ്‌കാരങ്ങളെയും ആദരിക്കുന്നവരാണ്. ചിലർ മതവിദ്വേഷത്തിന്റെയും പകയുടെയും തീക്കനലുകൾ ഉണ്ടാക്കുന്നുണ്ട്. അവർക്ക് സമൂഹത്തിൽ അനുവർത്തിക്കേണ്ട സമീപനരീതി രാജ്യം പഠിപ്പിക്കണം-അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യ പിന്തുടർന്നു വന്ന മതനിരപേക്ഷ നിലപാടാണ് അറബ് രാജ്യങ്ങളിൽ നമുക്ക് ആദരം നേടിത്തന്നത്. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ തിളക്കത്തിന് മങ്ങലേൽപ്പിക്കുന്ന ശക്തികളെ രാഷ്ട്രം നിലക്കുനിർത്തണമെന്നും ഇന്ത്യയുടെ അന്തഃസത്തയ്ക്കു കളങ്കം വരുത്തുന്ന ഒരു നിലപാടിനെയും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.