രാജ്യത്ത് ജനസംഖ്യനിയന്ത്രണത്തിന് നിയമം പരിഗണനയിലില്ല; വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം

single-img
9 June 2022

ഇന്ത്യയിൽ ഉടൻതന്നെ ജനസംഖ്യാ നിയന്ത്രണത്തിന് നിയമം കൊണ്ടു വരുമെന്ന കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പട്ടേലിന്റെ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു. . ജനസംഖ്യ നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായി നിയമനിര്‍മ്മാണം ഉടന്‍ നടക്കുമെന്ന് ഛത്തിസ്ഗഡിലെ റായ്പുരില്‍ ‘ഗരീബ് കല്യാണ്‍ സമ്മേളനില്‍’പങ്കെടുക്കവേയാണ് മന്ത്രി പറഞ്ഞത്.

മന്ത്രിയുടെ പ്രസ്താവന വിവാദമായതിനെ തുടർന്ന് ഇപ്പോൾ ജനസംഖ്യനിയന്ത്രണത്തിന് നിയമം പരിഗണനയിലില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം. നിയമ നിർമ്മാണം അല്ലാതെ തന്നെ മാര്‍ഗങ്ങളിലൂടെ ജനസംഖ്യനിയന്ത്രണത്തിന് കഴിയുന്നുണ്ടെന്നും മന്ത്രാലയം അറിയിപ്പിൽ വ്യക്തമാക്കി.

നേരത്തേ, ഈ വർഷം ഏപ്രിലില്‍, ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച ബില്‍ രാജ്യസഭയില്‍ ബിജെപി എംപി രാകേഷ് സിന്‍ഹ കൊണ്ടുവന്നിരുന്നു. പക്ഷെ ആ സമയം ഇത്തരമൊരു നിയമം പരിഗണിക്കുന്നില്ലെന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ മറുപടി പറഞ്ഞത്. രാജ്യത്ത് ഒരിക്കലും നിര്‍ബന്ധിതമായി ജനസംഖ്യാ നിയന്ത്രണം നടപ്പാക്കില്ല. പകരം ബോധവല്‍ക്കരണത്തിലൂടെയായിരിക്കും നടപടി സ്വീകരിക്കുകയെന്നും മന്ത്രി അപ്പോൾ പറഞ്ഞിരുന്നു.