പ്രവാചക നിന്ദാ പരാമർശം; ഇന്ത്യയുമായി ചർച്ച ചെയ്തെന്ന ഇറാൻറെ പ്രസ്താവന തള്ളി ഇന്ത്യ

single-img
9 June 2022

ബിജെപി നേതാക്കൾ നടത്തിയ പ്രവാചക നിന്ദാ പരാമർശം ഇന്ത്യയുമായി ചർച്ച ചെയ്തെന്ന ഇറാൻറെ പ്രസ്താവന തള്ളി ഇന്ത്യ. തങ്ങളോട് മതനിന്ദയ്ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുമെന്ന് ഇന്ത്യ അറിയിച്ചതായുള്ള വാർത്താക്കുറിപ്പ് ഇറാനും പിൻവലിക്കുകയുണ്ടായി.

ബിജെപി ദേശീയ വക്താക്കളായ നുപൂർ ശർമ്മ, നവീൻ കുമാർ ജിൻഡാൽ എന്നിവരുടെ നബി വിരുദ്ധ പ്രസ്താവന ഇറാനുമായി ചർച്ച ചെയ്തില്ലെന്ന് വിദേശകാര്യവക്താവ് അറിയിച്ചു . കഴിഞ്ഞ ദിവസം ഇന്ത്യയുമായുള്ള ചർച്ചകളിൽ വിദേശകാര്യമന്ത്രി ഇക്കാര്യം ഉന്നയിച്ചതായി ഇറാൻ പ്രസ്താവന ഇറക്കിയിരുന്നു. മറ്റുള്ളവർക്ക് താക്കീതാകുന്ന തരത്തിലുള്ള നടപടി സ്വീകരിക്കും എന്ന് ഇന്ത്യ അറിയിച്ചതായും ഇറാൻ വാർത്താകുറിപ്പിൽ പറഞ്ഞു.

എന്നാൽ ഈ വാർത്താക്കുറിപ്പ് ഇറാൻ പിന്നീട് പിൻവലിച്ചു. അനൗപചാരികമായി സംസാരിച്ച കാര്യം ഉൾപ്പെടുത്തിയതിൽ ഇന്ത്യ അതൃപ്തി അറിയിച്ചതായാണ് സൂചന. എന്നാൽ പല രാജ്യങ്ങളുമായും സംസാരിക്കുന്നുണ്ടെന്ന് വിദേശകാര്യവക്താവ് സമ്മതിച്ചു.