‘അംബേദ്കർ ഭരണഘടനാ ശിൽപി അല്ല’; പാഠപുസ്തക പരിഷ്കരിഷ്കരണവുമായി കർണാടക

single-img
9 June 2022

ഡോ. ബി ആർ അംബേദ്കറെ സംബന്ധിച്ച വിശേഷണം പാഠഭാ​ഗത്ത് നിന്ന് നീക്കി കർണാടക. ഒമ്പതാം ക്ലാസിലെ പാഠപുസ്തകത്തിലാണ് പുതിയ പരിഷ്കരണം സർക്കാർ കൊണ്ടുവന്നത്. സാമൂഹിക പാഠ പുസ്തകത്തിലെ ‘നമ്മുടെ ഭരണഘടന’ എന്ന ഭാ​ഗത്തുനിന്നുമാണ് നേരത്തെ ഉണ്ടായിരുന്ന ഭരണഘടനാ ശിൽപി എന്ന വിശേഷണം നീക്കം ചെയ്തത്.

ഹിന്ദുത്വ പ്രത്യയശാസ്ത്ര അനുഭാവിയായ റോ​ഹിത്ത് ചക്ര തീർത്ഥയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പാഠഭാ​ഗം പരിഷ്ക്കരിച്ചത്. അംബേദ്കറുടെ ഭാ​ഗം ഒഴിവാക്കിയതിന് സംസ്ഥാനത്ത് വൻ പ്രതിഷേധമാണ് കോൺ​ഗ്രസിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. ഇതിനെ തുടർന്ന് തെറ്റ് ഉൾക്കൊണ്ടുകൊണ്ട് വിദ്യാഭ്യസ മന്ത്രി ബി സി നാ​ഗേഷ് മാപ്പ് പറഞ്ഞു.

പാഠപുസ്തകത്തില്‍ ബസവണ്ണയെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും, വസ്തുതാപരമായ പിഴവുകള്‍ ഉണ്ടെന്നും നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതെല്ലാം നിഷേധിക്കുകയായിരുന്നു. അവലോകന സമിതിയുടെ നടപടികളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിനെ കൂടാതെ നിരവധി എഴുത്തുകാരുടെ സംഘടനയും രംഗത്തെത്തിയിരുന്നു.

സംസ്ഥാന വ്യാപക പ്രതിഷേധമുയർന്നതോടെ റോ​ഹിത്ത് ചക്ര തീർത്ഥയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ സർക്കാർ പിരിച്ചുവിട്ടു. ബിജെപി സർക്കാരിൻ്റെ നേതൃത്വത്തിൽ പാഠഭാ​ഗങ്ങളിൽ കാവിവത്കരണം സംബന്ധിച്ച വിവാദം തീവ്രമാകുന്ന പശ്ചാത്തലത്തിലാണ് പുതിയ വിവാദം ഉടലെടുക്കുന്നത്.