സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്ക് പിന്നിൽ ആര്‍എസ്എസിന്റെ രാഷ്ട്രീയ പദ്ധതി: ഡിവൈഎഫ്ഐ

single-img
8 June 2022

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതിയായ സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചന നടന്നതായി ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റും എംപിയുമായ എഎ റഹീം. കുടുംബാംഗങ്ങള്‍ക്ക് നേരെ ആരോപണം ഉന്നയിക്കുന്നത് അവര്‍ പുറത്തിറങ്ങി പ്രതികരിക്കില്ലെന്ന വിശ്വാസത്തിലാണ്. ഗോളിയില്ലാത്ത ഗോള്‍ പോസ്റ്റിലേക്ക് ഗോളടിക്കും പോലെയാണ് കുടുംബത്തിന് നേരെ നടക്കുന്നത് പരാമര്‍ശങ്ങള്‍. മാനസികമായി തളര്‍ത്താന്‍ ആകുന്ന ആളല്ല പിണറായിയെന്നും റഹീം പറഞ്ഞു.

‘ആര്‍എസ്എസിന്റെ രാഷ്ട്രീയ പദ്ധതിയാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും നേരത്തെയും സംസ്ഥാന സര്‍ക്കാരിനെ ഇല്ലാതാക്കാന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഈ പണി അവര്‍ നടത്തിയതാണ്. ദേശീയ ഏജന്‍സികളെ രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് ദുരുപയോഗം ചെയ്യുകയായിരുന്നു. കേന്ദ്ര ഏജന്‍സികള്‍ ഒഴിഞ്ഞതോടെ ആ ചുമതല ബിജെപി ഏറ്റെടുത്തതായും റഹിം പറഞ്ഞു.

ഗൂഢാലോചനയില്‍ എത്രയും വേഗമാണ് വേഗം ഏറ്റവും സമഗ്രമായ അന്വേഷണം പ്രഖ്യാപിച്ച് ഉത്തരവാദികളെ കണ്ടെത്തണം. സംസ്ഥാനത്തെ ഇടത് സര്‍ക്കാരിനെ അട്ടിമറിക്കാമെന്നത് ബിജെപിയുടെ സ്വപ്നം മാത്രമാണെന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കി. ഈ വിഷയത്തിൽ പിസി ജോര്‍ജ് വെറും ചട്ടുകമാണ്.

ബിജെപി പണം കൊടുത്ത് സ്വര്‍ണ്ണക്കടത്തുകാരിയെ ജോലിക്ക് വച്ചിരിക്കുകയാണ്. സ്വപ്നയ്ക്ക് എച്ച്ആര്‍ഡിഎസ് ശമ്പളം കൊടുക്കുന്നത് രാഷ്ട്രീയ പണിയെടുക്കാനാണ്. സംഘടനയുടെ നേതൃനിരയിലുള്ളവര്‍ എല്ലാം ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരും നേതാക്കളുമാണ്. ഒരു സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിക്ക് ശമ്പളം കൊടുക്കുന്നതിന്റെ പണത്തിന്റെ ഉറവിടത്തില്‍ അന്വേഷണം വേണം.’ എച്ച്ആര്‍ഡിഎസിന്റെ സാമ്പത്തിക ഇടപാടുകളും പ്രവര്‍ത്തനരീതികളും അന്വേഷിക്കണമെന്ന് റഹീം ആവശ്യപ്പെട്ടു.

‘സ്വപ്‌ന സുരേഷ് പറയുന്നത് ആരോ എഴുതി നല്‍കുന്ന കാര്യങ്ങളാണ്. എഴുതി കൊടുക്കുന്നവര്‍ ആരാണെങ്കില്‍ നന്നായി എഴുതി കൊടുക്കണം. ബിരിയാണി ചെമ്പിന്റെ കാര്യം മാത്രമേ പുതിയതായി പറഞ്ഞിട്ടുള്ളൂ. ബിരിയാണി ചെമ്പിലെ സ്വര്‍ണക്കടത്തെന്ന് കേട്ടാല്‍ മലയാളികള്‍ ചിരിക്കും.’ ഗൂഢാലോചനയ്‌ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും ഡിവൈഎഫ്‌ഐ കൈയും കെട്ടി നോക്കിനില്‍ക്കില്ലെന്നും റഹീം പറഞ്ഞു.