കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ആരോഗ്യപ്രശ്നങ്ങള്‍ കാരണം സോണിയ ഗാന്ധി ഇഡിക്ക് മുന്നില്‍ ഹാജരാവില്ല

single-img
7 June 2022

കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഇടക്കാല ദേശീയ അധ്യക്ഷ സോണിയ ഗാന്ധി ബുധനാഴ്ച ഹാജരായേക്കില്ല. ഈ മാസം 8 ബുധനാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ ഹാജരാകാനാണ് സമന്‍സ് അയച്ചിരിക്കുന്നത്.

ജൂണ്‍ 2 ന് കോവിഡ് പോസിറ്റീവ് ആയ സോണിയാ ഗാന്ധി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ബുധനാഴ്ച ഹാജരാകാന്‍ സാധ്യതയില്ലെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന ആദ്യ സൂചന. അതേസമയം, നാഷണല്‍ ഹെറാള്‍ഡ് പത്രം-എജെഎല്‍ വിഷയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് സോണിയാ ഗാന്ധിക്കും മകന്‍ ലോക്സഭാ എംപി രാഹുല്‍ ഗാന്ധിക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമന്‍സ് അയച്ചത്

ഇന്ന് ഉച്ചവരെ, ഇഡിക്ക് ഇതു സംബന്ധിച്ച ഔദ്യോഗിക ആശയവിനിമയങ്ങളൊന്നും കൈമാറിയിട്ടില്ല. പക്ഷെ ആരോഗ്യപരമായ കാരണങ്ങളാല്‍ സോണിയ ഇളവ് തേടാന്‍ സാധ്യതയുണ്ട്. സോണിയ ഗാന്ധി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സുഖം പ്രാപിക്കുമെന്നും ജൂണ്‍ 8 ന് ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നതായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല നേരത്തെ ജൂണ്‍ 2ന് പറഞ്ഞിരുന്നു.