നാഗ്പൂരില്‍ നിന്ന് പറന്ന് ലോകം കാണൂ; സംഘപരിവാറിനെ ട്രോളി പരസ്യവുമായി ഖത്തര്‍ എയര്‍വേയ്‌സ്

single-img
7 June 2022

ബിജെപി ദേശീയ വക്താക്കൾ നടത്തിയ പ്രവാചക നിന്ദയില്‍ അപലപിച്ച് ഖത്തര്‍ രംഗത്തെത്തിയതില്‍ ഖത്തര്‍ എയര്‍വേസിനെ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയിലെ വിവിധ സംഘപരിവാർ ഗ്രൂപ്പുകള്‍ ആഹ്വാനം നടത്തിയതിന് പിന്നാലെ പുതിയ പരസ്യവുമായി ഖത്തര്‍ എയര്‍വേയ്‌സ് രംഗത്തെത്തി.

ഖത്തർ വിമാന കമ്പിനിയുടെ നാല് പ്രതിവാര വിമാനങ്ങളിലേതെങ്കിലും ഒന്നില്‍ ‘നാഗ്പൂരില്‍ നിന്ന് പറന്ന് ലോകം കാണൂ’ എന്നാണ് ഖത്തര്‍ എയര്‍വേയ്‌സിന്റെ പുതിയ ട്രോൾ പരസ്യം. qatarairways.com ലെ ഹോം പേജില്‍ തന്നെയാണ് ഈ പുതിയ പരസ്യ ബാനര്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പ്രവാചക നിന്ദയിൽ ഇന്ത്യക്കെതിരെ കടുത്ത അപലപനം നടത്തിയ ഖത്തര്‍ രാജ്യത്തിന്റെ എയര്‍വേയ്‌സിനെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു പരസ്യവുമായി കമ്പനിതന്നെ നേരിട്ട് രംഗത്തുവരുന്നത്.

അതേപോലെ തന്നെ, ഇന്ത്യയിലെ വെക്കേഷനില്‍, നീണ്ടുകിടക്കുന്ന വിശാലമായ ഇരിപ്പിടങ്ങളിലെ ഖത്തര്‍ എയര്‍വേയ്സിലെ ആഢംബര യാത്ര എന്നും ഓര്‍ക്കുന്നതായിരിക്കുമെന്നും പരസ്യത്തില്‍ പറയുന്നു. ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ലോകത്തിലെ 140ലധികം സ്ഥലങ്ങളിലേക്കാണ് സര്‍വീസെന്നും പരസ്യത്തില്‍ പറയുന്നുണ്ട്.

നിലവിൽ ഇന്ത്യയിൽ ഖത്തര്‍ എയര്‍വേസിന് പിന്നാലെ ഖത്തര്‍ ലോകകപ്പും ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍ നടത്തുന്ന #boycottqatarairwsay, #boycottFIFA, #boycotQatar തുടങ്ങിയ ഹാഷ്ടാഗുകളും ആഹ്വാനങ്ങളും ഇതിനോടകം തന്നെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.