സിപിഎം പിബി ഇടപെടണം; ഒരു മണിക്കൂര്‍ പോലും മുഖ്യമന്ത്രിയ്ക്ക് കസേരയില്‍ ഇരിക്കാന്‍ യോഗ്യതയില്ല: കെ സുധാകരൻ

single-img
7 June 2022

വിവാദമായ സ്വർണ്ണ കടത്തുകേസിലെ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ രംഗത്തെത്തി . വിഷയത്തിൽ സിപിഎം പിബി ഇടപെടണമെന്നും ആരോപണം തെറ്റാണെന്ന് തെളിയുംവരെ മുഖ്യമന്ത്രിയെ മാറ്റിനിര്‍ത്തണമെന്നും സുധാകരന്‍ ഇന്ന് ആവശ്യപ്പെട്ടു.

നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയും സ്വര്‍ണക്കടത്തില്‍ പങ്കാളിയായിട്ടില്ല. എല്ലാ അഴിമതിയുടെയും ചുരുളുകള്‍ അഴിയുകയാണ്. മുഖ്യമന്ത്രി മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബവും ഉള്‍പ്പെട്ട കേസാണ്. കേസ് ഒതുക്കി തീര്‍ക്കാന്‍ ബിജെപിയും ശ്രമിച്ചു. ബിരിയാണി പാത്രത്തില്‍ ഒരു മുഖ്യമന്ത്രി സ്വര്‍ണ്ണം കടത്തിയത് എന്നുള്ളത് ചരിത്രത്തിലാദ്യമാണെന്നും സുധാകരൻ ആരോപിച്ചു.

ഒരു മണിക്കൂര്‍ പോലും മുഖ്യമന്ത്രിയ്ക്ക് കസേരയില്‍ ഇരിയ്ക്കാന്‍ യോഗ്യതയില്ല. ഇ ഡി ഇപ്പോൾ നടത്തുന്ന അന്വേഷണം സുതാര്യമല്ല. വിഷയത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണം. സിബിഐയോ, ജുഡീഷ്യറിയോ കേസ് അന്വേഷിക്കണം. സ്വപ്നയ്ക്ക് സുരക്ഷ നല്‍കേണ്ടത് കോടതിയാണ്. സ്വപ്നയുടെ വെളിപ്പെടുത്തല്‍ ഇന്ത്യന്‍ ജനാധിപത്യത്തെ ഭയപ്പെടുത്തുന്നതാണെന്നും സുധാകരന്‍ മാധ്യമങ്ങളോടു പറഞ്ഞു.