ബിജെപി അധികാരത്തിലെത്തിയതിന് ശേഷം രാജ്യത്ത് വർദ്ധിച്ച് വന്നിട്ടുള്ള വെറുപ്പിന്റെ രാഷ്ട്രീയം ലോക രാജ്യങ്ങൾ നിരീക്ഷിക്കുന്നു: പികെ കുഞ്ഞാലിക്കുട്ടി

single-img
6 June 2022

മത വിദ്വേഷം പ്രചരിപ്പിച്ച് രാഷ്ട്രീയ ലാഭം നേടാനുള്ള ശ്രമങ്ങൾ നിർത്താൻ ഭാവമില്ലെന്നാണ് പ്രവാചകനെ നിന്ദിച്ചതിലൂടെ ബി.ജെ.പി തെളിയിച്ചു കൊണ്ടിരിക്കുന്നത് എന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ബി.ജെ.പി അധികാരത്തിലെത്തിയതിന് ശേഷം രാജ്യത്ത് വർദ്ധിച്ച് വന്നിട്ടുള്ള വെറുപ്പിന്റെ രാഷ്ട്രീയം ലോക രാജ്യങ്ങൾ നിരീക്ഷിച്ച് വരുന്നുണ്ട്.

രാജ്യത്ത് നടക്കുന്ന മുനഷ്യാവകാശ ധ്വംസനത്തിലും മതസ്വാതന്ത്ര്യങ്ങൾ നിഷേധിക്കപ്പെടുന്നതിലും അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ നേരത്തെ തന്നെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിൽ എഴുതി. പ്രവാചകനെതിരെയുള്ള ബി.ജെ.പി നേതാക്കളുടെ പരാമർശങ്ങളിലൂടെ ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ മതേതര മുഖം വികൃതമായിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

മത വിദ്വേഷം പ്രചരിപ്പിച്ച് രാഷ്ട്രീയ ലാഭം നേടാനുള്ള ശ്രമങ്ങൾ നിർത്താൻ ഭാവമില്ലെന്നാണ് പ്രവാചകനെ നിന്ദിച്ചതിലൂടെ ബി.ജെ.പി തെളിയിച്ചു കൊണ്ടിരിക്കുന്നത്. പ്രവാചകനെതിരെയുള്ള ബി.ജെ.പി നേതാക്കളുടെ പരാമർശങ്ങളിലൂടെ ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ മതേതര മുഖം വികൃതമായിരിക്കുകയാണ്. ആഗോളതലത്തിൽ ഇതിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.

ബി.ജെ.പി നേതാക്കളുടെ പ്രസ്താവനയെ തുടർന്നുണ്ടായ ലഹളയുടെ ഭാഗമായി മുസ്ലിം വിഭാഗത്തിനെതിരെ മാത്രം ഏകപക്ഷീയമായി പോലീസ് കേസെടുത്തിരിക്കുകയാണ്. ലഹളക്ക് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരുന്നില്ലെന്ന് മാത്രമല്ല കള്ളക്കേസിൽ കുടുക്കിയ മുസ്ലിംകളുടെ വീടുകൾ പൊളിച്ച് നീക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

ഇതൊക്കെ തികച്ചും അന്യായവും ജനാധിപത്യ വിരുദ്ധവുമാണ്.

ലഹളക്ക് കാരണക്കാരായവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരാൻ കേന്ദ്ര സർക്കാർ തയ്യാറാകണം.

ബി.ജെ.പി അധികാരത്തിലെത്തിയതിന് ശേഷം രാജ്യത്ത് വർദ്ധിച്ച് വന്നിട്ടുള്ള വെറുപ്പിന്റെ രാഷ്ട്രീയം ലോക രാജ്യങ്ങൾ നിരീക്ഷിച്ച് വരുന്നുണ്ട്. രാജ്യത്ത് നടക്കുന്ന മുനഷ്യാവകാശ ധ്വംസനത്തിലും മതസ്വാതന്ത്ര്യങ്ങൾ നിഷേധിക്കപ്പെടുന്നതിലും അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ നേരത്തെ തന്നെ അതൃപ്തി അറിയിച്ചിട്ടുണ്ട്. ജനാധിപത്യ മതേതര സൂചികയിലും രാജ്യം ഏറെ പിറകോട്ട് പോയതായി ആഗോള ഏജൻസികളുടെ കണക്കുകൾ സൂചിപ്പിക്കുന്നുമുണ്ട്.

1991-ലെ ആരാധനാലയ നിയമം നിലനിൽക്കേ വിവിധ മസ്ജിദുകൾ കൈയ്യേറാൻ ശ്രമിക്കുന്നതും മുസ്ലിം ന്യൂനപക്ഷങ്ങൾക്കെതിരെ ബുൾഡോസർ രാഷ്ട്രീയം പ്രയോഗിക്കുന്നതും ബി.ജെ.പി തുടരുന്ന വെറുപ്പിന്റെ സ്വഭാവമുള്ള രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്.

ജനാധിപത്യ മതേതര മാർഗത്തിലൂടെയുള്ള പ്രതിഷേധവും, പോരാട്ടവുമാണ് ഇതിനെതിരെയുള്ള പ്രതിരോധ മാർഗം. മതേതര കക്ഷികൾ ഒറ്റക്കെട്ടായി നിന്ന് ഈ പോരാട്ടം നയിക്കണം.