പ്രവാചക നിന്ദ; ഖത്തർ, കുവൈത്ത്, ഇറാൻ എന്നീ രാജ്യങ്ങൾ ഇന്ത്യൻ സ്ഥാനപതിമാരെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു

single-img
6 June 2022

പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ നടത്തിയ ബിജെപി നേതാക്കളുടെ പരാമർശം നയതന്ത്രതലത്തിൽ നരേന്ദ്രമോദി സർക്കാരിന് തലവേദനയാകുന്നു. ബിജെപി നേതാക്കളുടെ പരാമർശത്തെ ഗൾഫ് രാജ്യങ്ങൾ അപലപിച്ചു.

ഖത്തർ, കുവൈത്ത്, ഇറാൻ എന്നീ രാജ്യങ്ങളുടെ ഇന്ത്യൻ സ്ഥാനപതിമാരെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയങ്ങൾ പ്രതിഷേധം അറിയിച്ചു. ഇതിനെ തുടർന്ന് കേന്ദ്ര സർക്കാരിന്റെ വീക്ഷണങ്ങൾ പ്രതിഫലിപ്പിക്കുന്നതല്ല പ്രസ്താവനയെന്ന് വിവിധ ഇന്ത്യൻ സ്ഥാനപതിമാർ മറുപടി നൽകി. മാത്രമല്ല, വിവാദ പരാമർശം നടത്തിയ നൂപുർ ശർമയ്ക്കും നവീൻ കുമാർ ജിൻഡാലിനുമെതിരെ ബിജെപി ശക്തമായി നടപടിയെടുത്തുവെന്ന് ഇന്ത്യൻ സ്ഥാനപതിമാർ വിശദീകരിച്ചു.

ബിജെപി വക്താക്കൾ നടത്തിയ പരമാർശം വ്യക്തിപരമാണെന്നും ഇന്ത്യയുടെ ഔദ്യോഗിക നിലപാടല്ലെന്നും സ്ഥാനപതിമാർ വ്യക്തമാക്കി. ഇറാൻ വിദേശകാര്യ മന്ത്രാലയം ടെഹ്റാനിലെ ഇന്ത്യൻ അംബാസഡറെ വിളിച്ചുവരുത്തിയ കൂടിക്കാഴ്ചയിൽ, ഇന്ത്യൻ പ്രതിനിധി ഖേദം പ്രകടിപ്പിക്കുകയും എല്ലാ മതങ്ങളോടും അങ്ങേയറ്റം ആദരവ് കാണിക്കുന്ന ഇന്ത്യൻ സർക്കാരിന്റെ നിലപാടിനെ ഇത് പ്രതിഫലിപ്പിക്കുന്നില്ലെന്നും പറഞ്ഞു.

അതേസമയം, പ്രവാചകനെതിരായ പ്രസ്താവനകളെ അപലപിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നതായി സൗദി വിദേശ്യകാര്യ മന്ത്രാലയം വ്യക്തമാക്കി. ബിജെപി വക്താവിനെതിരെ സർക്കാർ നടപടിയെടുത്തതിനെ സ്വാഗതം ചെയ്യുന്നതായി മന്ത്രാലയം അറിയിച്ചു.