തൃക്കാക്കരവിധി മുന്നറിയിപ്പായി കാണുന്നുന്നു; പരാജയപ്പെട്ടെങ്കിലും കഴിഞ്ഞതവണത്തേക്കാള്‍ വോട്ടു കൂടുതലാണ് ലഭിച്ചത്: കോടിയേരി ബാലകൃഷ്ണൻ

single-img
3 June 2022

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച മുന്നേറ്റം ഇടതുമുന്നണിക്ക് ഉണ്ടായില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രതീക്ഷിച്ച പോലെ കൂടുതല്‍ വോട്ടു കിട്ടാതായതു പരിശോധിക്കുമെന്നും തൃക്കാക്കരവിധിയെ മുന്നറിയിപ്പായി കാണുന്നുന്നുവെന്നും കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്തു പറഞ്ഞു.

തെരഞ്ഞെടുപ്പിലെ പരാജയം അംഗീകരിച്ച് ജനവിധി ഏറ്റുവാങ്ങുന്നു. പാര്‍ട്ടിയുടെ അടിത്തറ കൂടുതല്‍ വിപുലീകരിക്കണമെന്നാണ് തിരഞ്ഞെടുപ്പു ഫലം നല്‍കുന്ന സൂചനയെന്നും തൃക്കാക്കരയില്‍ ഇടതു സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടെങ്കിലും കഴിഞ്ഞതവണത്തേക്കാള്‍ വോട്ടു കൂടുതലാണ് കിട്ടിയത്. ഇലക്ഷനില്‍ ജയിക്കുക എന്നതു മാത്രമല്ല, വോട്ടു കൂടുതല്‍ കിട്ടുന്നുണ്ടോ എന്നും നീക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലോ പ്രഖ്യാപനത്തിലോ പിഴവുണ്ടായെന്ന് പാര്‍ട്ടി വിലയിരുത്തുന്നില്ല. ജില്ലാ കമ്മിറ്റി ഓഫീസില്‍ വച്ചാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രതീക്ഷിച്ച മുന്നേറ്റം അവിടെ ഉണ്ടായില്ല, ഇടതു വിരുദ്ധശക്തികളെ യുഡിഎഫ് ഒന്നിപ്പിച്ചു. ബിജെപി, ട്വന്റി ട്വന്റി വോട്ടുകള്‍ കൂടി യുഡിഎഫിന് കിട്ടി. ക്രമാനുഗതമായ കുറവ് ബിജെപി വോട്ടില്‍ കാണുന്നതായും അദ്ദേഹം പറഞ്ഞു. അപ്പോഴും എല്‍ ഡി എഫിന്റെ അടിസ്ഥാന വോട്ടുകള്‍ തകര്‍ന്നു പോയിട്ടില്ലെന്നും കോടിയേരി അവകാശപ്പെട്ടു.

അതേപോലെ തന്നെ കെ റെയിലുമായി തിരഞ്ഞെടുപ്പു ഫലത്തിന് ബന്ധമില്ല, സില്‍വര്‍ ലൈനിന്റെ ഹിതപരിശോധനയല്ല നടന്നത് . കേന്ദ്ര അനുമതി കിട്ടിയാല്‍ സില്‍വര്‍ ലൈനുമായി മുന്നോട്ടു പോകുമെന്നും കോടിയേരി പറഞ്ഞു.