എല്ലാ ചോദ്യങ്ങൾക്കും ഗാന്ധി കുടുംബം മറുപടി പറയണം; നാഷണൽ ഹെറാൾഡ് കേസിൽ രാഹുലിനും സോണിയക്കുമെതിരെ സുബ്രഹ്മണ്യൻ സ്വാമി

single-img
1 June 2022

വിവാദമായ നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഇ ഡിയുടെ നോട്ടീസ് ലഭിച്ചതിന് പിന്നാലെ പരാതിക്കാരനും ബിജെപി നേതാവുമായ സുബ്രഹ്മണ്യൻ സ്വാമി പ്രതികരണവുമായി രംഗത്തെത്തി. ഇന്ന് ഉച്ചയോടെയാണ് നാഷണൽ ഹെറാൾഡ് കേസിൽ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്‍റെ നോട്ടീസ് ലഭിച്ചത്.

കേസിൽ ചോദ്യം ചെയ്യലിനായി ബുധനാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടാണ് രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഇ ഡി നോട്ടീസ് നല്‍കിയത്. ഇഡിയുടെ നടപടി സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ സുബ്രഹ്മണ്യൻ സ്വാമി 5 ലക്ഷം രൂപ മാത്രം മൂലധനമുള്ള കമ്പനിക്ക് എവിടെ നിന്ന് ഇത്രയും പണം കിട്ടിയെന്നും ചോദിച്ചു.

താൻ നൽകിയ പരാതിയിൽ തുടർ നടപടിയുണ്ടാകുമെന്ന് ഇ ഡി അറിയിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ചോദ്യങ്ങൾക്കും ഗാന്ധി കുടുംബം മറുപടി പറയണമെന്നും നാഷണൽ ഹെറാൾഡ് വിഷയത്തിൽ എല്ലാ നിയമങ്ങളും കാറ്റിൽ പറത്തപ്പെട്ടുവെന്നും സുബ്രഹ്മണ്യൻ സ്വാമി അഭിപ്രായപ്പെട്ടു.