മീഡിയ വൺ: വിലക്കാനുള്ള കാരണം ചാനലിനെ ബോധ്യപ്പെടുത്തേണ്ടതില്ലെന്ന് സുപ്രീം കോടതിയിൽ ആവർത്തിച്ച് കേന്ദ്ര സർക്കാർ

single-img
1 June 2022

എന്തുകൊണ്ടാണ് സംപ്രേക്ഷണം വിലക്കിയത് എന്നതിന്റെ കാരണം ചാനലിനെ ബോധ്യപ്പെടുത്തേണ്ടതില്ലെന്ന് ആവർത്തിച്ച് സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ടാണ് ലൈസൻസ് പുതുക്കി നൽകാതിരുന്നതെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.

രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടാതിരിക്കാൻ കേന്ദ്ര സർക്കാരിന് ഇന്ത്യൻ തെളിവ് നിയമ പ്രകാരം പ്രത്യേക അവകാശമുണ്ടെന്നും എന്നാൽ കോടതി ആവശ്യപ്പെട്ടാൽ ഇനിയും വിവരങ്ങൾ സമർപ്പിക്കാൻ തയ്യാറാണെന്നും കേന്ദ്ര വാർത്ത വിതരണം വകുപ്പ് ഡയറക്ടർ അറിയിച്ചു.

കോടതി കേസിൽ അന്തിമ വാദം കേൾക്കാൻ നിശ്ചയിച്ചതിനെ തുടർന്നാണ് കേന്ദ്രസർക്കാർ സത്യവാങ്മൂലം നൽകിയത്. മറുപടി നൽകാൻ നേരത്തേ കേന്ദ്രം രണ്ട് തവണ സമയം നീട്ടി ചോദിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ക്ലിയറന്‍സില്ലെന്നതിന്റെ പേരിലായിരുന്നു ചാനലിന്റെ സംപ്രേഷണം വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ജനുവരി 31ന് വിലക്കിയത്.