റഷ്യ-യുക്രൈൻ യുദ്ധം, കോവിഡ്; മോദിയുടെ അഭിപ്രായം തേടാതെ അന്താരാഷ്ട്ര തലത്തിൽ ഒരു ചർച്ചയും പൂർണമാകില്ല: അമിത് ഷാ

single-img
30 May 2022

റഷ്യ-യുക്രൈൻ യുദ്ധം, കോവിഡ് എന്നിങ്ങിനെ വിവിധങ്ങളായ വിഷയങ്ങളിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിപ്രായം തേടാതെ അന്താരാഷ്ട്ര തലത്തിൽ ഒരു ചർച്ചയും പൂർണമാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ അനുദിനം അതിവേഗം മുന്നേറുകയാണെന്നും അഹമ്മദാബാദിലെ നാരൻപുര പ്രദേശത്ത് 632 കോടി രൂപയുടെ പുതിയ അന്താരാഷ്ട്ര നിലവാരമുള്ള കായിക സമുച്ചയത്തിന് തറക്കല്ലിട്ടു സംസാരിക്കവെ അമിത് ഷാ പറഞ്ഞു.

ഗുജറാത്തിലെ അഹമ്മദാബാദിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്പോർട്സ് കോംപ്ലക്സുകൾ സ്ഥാപിക്കുന്നതോടെ കായിക താരങ്ങൾക്ക് പരിശീലനത്തിനുള്ള സൗകര്യങ്ങൾ നഗരത്തിൽ വർധിച്ചുവെന്നും ഷാ അഭിപ്രായപ്പെട്ടു . ആഗോളമായി ഇന്ത്യയുടെ സ്ഥാനം ഉയർത്താൻ പ്രധാനമന്ത്രി പ്രവർത്തിച്ചിട്ടുണ്ട്. ഈ സർക്കാർ അധികാരത്തിൽ എട്ട് വർഷം പൂർത്തിയാക്കി. കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ പ്രധാനമന്ത്രി മോദി രാജ്യത്തെ ആഗോളതലത്തിൽ ഉയർച്ചയിലേക്കു കൊണ്ടുപോകുന്നതിൽ കാര്യക്ഷമമായി പ്രവർത്തിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോവിഡ് വ്യാപകമായി പടരുമ്പോൾ വാക്‌സിനുകൾ ഉണ്ടാക്കുന്നതിനെ കുറിച്ചോ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചോ പരിസ്ഥിതി വിഷയങ്ങളെ കുറിച്ചോ നരേന്ദ്ര മോദിയുടെ അഭിപ്രായം തേടിയില്ലെങ്കിൽ അത്തരം ചർച്ചകളെല്ലാം അപൂർണമാണെന്നും അമിത് ഷാ പറഞ്ഞു.