ഞാൻ വിശ്വസിക്കുന്നത് ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും: പ്രധാനമന്ത്രി

single-img
26 May 2022

അന്ധവിശ്വാസികൾക്ക് വികസനത്തിനു വേണ്ടി ഒന്നും ചെയ്യാനാവില്ലെന്നും താൻ വിശ്വസിക്കുന്നത് ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലുമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു സന്യാസിയായിട്ടും അന്ധവിശ്വാസമില്ലാത്ത യോഗി ആദിത്യനാഥിനെ താൻ അഭിനന്ദിക്കുന്നതായും മോദി പറഞ്ഞു.

വാസ്തുവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിൻ്റെ നിലപാടുകളെ പരിഹസിച്ചുകൊണ്ടായിരുന്നു മോദിയുടെ പ്രഖ്യാപനം. ഇന്ത്യൻ സ്‌കൂൾ ഓഫ് ബിസിനസിന്റെ 20ആം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സംസ്ഥാനത്തെ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത ഉടൻ തന്നെ വാസ്തുവിന്റെ പേരിൽ ചന്ദ്രശേഖര റാവു വീട് മാറിയിരുന്നു.

പ്രധാനമന്ത്രിയുടെ വാക്കുകൾ: “ഞാൻ ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലുമാണ് വിശ്വസിക്കുന്നത്. ഒരു സന്യാസി ആയിട്ടും അന്ധവിശ്വാസമില്ലാത്ത യോഗി ആദിത്യനാഥിനെ ഞാൻ അഭിനന്ദിക്കുന്നു. ഇതുപോലെ അന്ധവിശ്വാസികളിൽ നിന്ന് നമുക്ക് തെലങ്കാനയെ സംരക്ഷിക്കണം.”