ഇങ്ങനെപോയാൽ കേരളം ശ്രീലങ്കയാകും; ജിപിഎസ് സർവ്വേയും യുഡിഎഫ് എതിർക്കും: വിഡി സതീശൻ

single-img
17 May 2022

സിൽവർ ലൈൻ പദ്ധതിക്കായുള്ള മഞ്ഞക്കുറ്റിയിടൽ ഒഴിവാക്കി ജിപിഎസ് സര്‍വേയുമായി മുന്നോട്ടു പോകാനുള്ള സംസ്ഥാന സർക്കാർ നീക്കത്തെ എതിർക്കുമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ . പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവും മന്ത്രിമാരും പറയുന്നത് രണ്ടുതരത്തിലാണണെന്നും അദ്ദേഹം പറയുന്നു. ഇനി കല്ലിടില്ല എന്നാണ് ഉത്തരവില്‍ പറയുന്നത്. റവന്യൂമന്ത്രി പറയുന്നത് കല്ലിടുമെന്നാണ്. സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായാണ് മന്ത്രിമാര്‍ പറയുന്നതെന്ന് വിഡി സതീശന്‍ പറഞ്ഞു.

ജനങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ മഞ്ഞ കല്ല് ഇടേണ്ട ആവശ്യമില്ലെന്ന് പ്രതിപക്ഷം ആദ്യമേ പറഞ്ഞതാണെന്നും അത് കൗശലം ഉപയോഗിച്ച് ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാരിൻ്റെ നടപടിയായിരുന്നുവെന്നും സതീശൻ വ്യക്തമാക്കി. എന്നാൽ അത് പരാജയപ്പെട്ടുവെന്നും അദ്ദേഹം അവകാശപ്പെട്ടു.സില്‍വര്‍ ലൈന്‍ സമരം പൂര്‍ണവിജയമാകുക പദ്ധതി ഉപേക്ഷിച്ചെന്ന് മുഖ്യമന്ത്രി പറയുന്ന ദിവസമായിരിക്കുമെന്നും സതീശന്‍ പറഞ്ഞു.

അതേപോലെതന്നെ, സംസ്ഥാന സര്‍ക്കാരിൻ്റെ നൂറ് ദിന പദ്ധതി പരാജയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പൂര്‍ത്തിയാക്കിയ പദ്ധതിയുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നടത്തുന്നത്. കേരളത്തിൽ പൂര്‍ണമായും ഭരണസ്തംഭനമാണെന്നും അടുത്ത മാസം ശമ്പളം കൊടുക്കാന്‍ പറ്റുമോയെന്നത് സംശയമാണെന്നാണ് ധനകാര്യമന്ത്രി വരെ പറയുന്നതെന്നും സതീശൻ പരിഹസിച്ചു.

കേരളത്തിൻന്റെ സാമ്പത്തിക അവസ്ഥ ജനങ്ങളെ അറിയിക്കാന്‍ വൈറ്റ് പേപ്പര്‍ ഇറക്കണം. ഈ രീതിയില്‍ പോയാല്‍ കേരളം ശ്രീലങ്കയാകുമെന്നും കെഎസ്ആര്‍ടിസിയിലെ പ്രശ്‌നങ്ങള്‍ യുഡിഎഫ് ഏറ്റെടുക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.