പാകിസ്താനെ ആക്രമിച്ച് കീഴടക്കാതെ തന്നെ അമേരിക്ക അടിമയാക്കി മാറ്റി: ഇമ്രാൻ ഖാൻ

single-img
16 May 2022

ആക്രമിച്ച് കീഴടക്കാതെ തന്നെ പാകിസ്ഥാനെ അമേരിക്ക അവരുടെ അടിമയാക്കി മാറ്റിയെന്ന് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനില്‍ നിന്നും പണം ഭിക്ഷ ചോദിക്കാനാണ് പാകിസ്ഥാന്റെ വിദേശകാര്യമന്ത്രി ബിലാവല്‍ ബൂട്ടോ സര്‍ദാരി അവിടം സന്ദര്‍ശിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അടുത്തയാഴ്ചയാണ് ബിലാവല്‍ ബൂട്ടോ സര്‍ദാരി അമേരിക്ക സന്ദർശിക്കുന്നത്.

ബിലാവലും അദ്ദേഹത്തിന്റെ പിതാവായ ആസിഫ് അലി സര്‍ദാരിയും വിവിധ രാജ്യങ്ങളിലായി അവരുടെ സ്വത്തുക്കള്‍ എവിടെയാണ് ഒളിപ്പിച്ച് വെച്ചിരിക്കുന്നതെന്ന് ആന്റണി ബ്ലിങ്കന് അറിയാമെന്നും അതുകൊണ്ട് തന്നെ ബ്ലിങ്കനെ നിരാശനാക്കുന്ന തരത്തില്‍ ബിലാവല്‍ പെരുമാറില്ലെന്നും ഇമ്രാന്‍ ഖാന്‍ അഭിപ്രായപ്പെട്ടു.

ഇന്നലെ ഫൈസാബാദില്‍ നടന്ന റാലിക്കിടെയായിരുന്നു ഇമ്രാന്‍ ഖാന്റെ രൂക്ഷമായ വിമർശനങ്ങൾ ഉണ്ടായത്. പാകിസ്ഥാനിലെ കെട്ടിയിറക്കിയ സര്‍ക്കാരിനെ ഇവിടുത്തെ ജനങ്ങള്‍ അംഗീകരിക്കില്ല എന്നും അമേരിയ്ക്ക സ്വന്തം കാര്യം മാത്രി നോക്കിയാണ് പ്രവര്‍ത്തിക്കുന്നതെന്നും തങ്ങള്‍ക്ക് ഗുണമുണ്ട് എന്ന് തോന്നാത്ത പക്ഷം മറ്റ് രാജ്യങ്ങളെ സഹായിക്കില്ലെന്നും പറഞ്ഞ ഇമ്രാന്‍ ഖാന്‍ സ്വതന്ത്ര രാജ്യമായ ഇന്ത്യയോട് ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ അമേരിക്ക ധൈര്യപ്പെടില്ല എന്നും പറഞ്ഞു.