സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്; മലപ്പുറത്ത് അധ്യപകന്‍ അറസ്റ്റില്‍

single-img
13 May 2022

ഒന്നിലധികം വിദ്യാര്‍ത്ഥിനികളെ പലകാലങ്ങളായി പീഡിപ്പിച്ചെന്ന കേസില്‍ മലപ്പുറം സ്‌കൂളിലെ റിട്ട. അധ്യാപകന്‍ കെ വി ശശികുമാര്‍ പൊലീസ് കസ്റ്റഡിയില്‍. പീഡനക്കേസില്‍ പോലീസ് രജിസ്റ്റർ ചെയ്ത പ്രതിയായതോടെ ഒളിവിലായിരുന്നു മലപ്പുറത്തെ മുന്‍ വിപിഎം നഗരാസഭാംഗം കൂടിയായ കെ വി ശശികുമാര്‍.

ഇയാൾ മലപ്പുറത്തെ സ്‌കൂളില്‍ അധ്യാപകനായിരിക്കെ കുട്ടികളെ പീഡിപ്പിച്ചു എന്നാണ് നേതാവായിരുന്ന അധ്യാപകനെതിരെ പരാതി ഉയര്‍ന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് ശശികുമാര്‍ സ്‌കൂളില്‍ നിന്ന് വിരമിച്ചത്. വിരമിച്ചതിന് ശേഷം ശശികുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് പിന്നാലെയാണ് പീഡന പരാതികള്‍ ഉയര്‍ന്നുവന്നത്.

ഏകദേശം അറുപതോളം വിദ്യാര്‍ത്ഥിനികളെ ശശികുമാര്‍ പീഡിപ്പിച്ചെന്നാണ് പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ ആരോപണം. നേരത്തെ 2019ല്‍ ശശികുമാറിനെതിരെ ചില വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കിയിരുന്നെങ്കിലും മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്നും പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ പറഞ്ഞു.

അതേസമയം, ആറാം ക്ലാസുകാരിയിരിക്കെ തന്റെ ശരീര ഭാഗങ്ങളില്‍ സ്പര്‍ശിച്ചതായി കാണിച്ച് പെണ്‍കുട്ടി നല്‍കിയ പരാതിയിലാണ് കെ വി ശശികുമാറിനെതിരെ പൊലീസ് ഇപ്പോൾ പോക്‌സോ കേസ് ചുമത്തിയത്. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഇയാള്‍ ഇതേ തരത്തില്‍ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചതായി പരാതിയിലുണ്ട്. ഈ കേസില്‍ ഇയാളെ അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചനയ്ക്കിടെയാണ് ശശികുമാര്‍ ഒളിവില്‍ പോയത്.