മന്ത്രിക്ക് ഏകോപനം എന്തെന്ന് അറിയില്ല; വീണാ ജോര്‍ജിനെതിരെ വിമര്‍ശനവുമായി ചിറ്റയം ഗോപകുമാര്‍

single-img
13 May 2022

സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. പത്തനംതിട്ട ജില്ലയുടെകൂടി ചുമതലയുള്ള വീണാ ജോര്‍ജ്ജ് കൂടിയാലോചനകള്‍ നടത്തുന്നില്ലെന്നാണ് ആരോപണം. മാത്രമല്ല, മന്ത്രി ഫോണ്‍ വിളിച്ചാല്‍ എടുക്കില്ലെന്നും അടൂര്‍ എംഎല്‍എ കൂടിയായ ചിറ്റയം ഗോപകുമാര്‍ പറയുന്നു.

ഈ രീതികളിൽ പതിവായി അവഗണിക്കുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ എന്റെ കേരളം പ്രദര്‍ശന മേള ഉദ്ഘാടനത്തില്‍ ചിറ്റയം പങ്കെടുക്കാതിരുന്നത്. താന്‍ അധ്യക്ഷത വഹിക്കേണ്ടിയിരുന്ന പരിപാടിയെക്കുറിച്ച് അറിയിപ്പ് ലഭിച്ചത് തലേന്ന് രാത്രി മാത്രമായതിനാൽ കൂടിയാണ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജില്ലാ സ്റ്റേഡിയത്തില്‍ നടത്തുന്ന എന്റെ കേരളം പ്രദര്‍ശന മേളയുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാതിരുന്നത്.

നേരത്തെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പോലും ഇതുപോലെ അവഗണിക്കപ്പെട്ടിട്ടില്ലെന്നും ചിറ്റയം പറഞ്ഞു. ‘സര്‍ക്കാരിന്റെ വാര്‍ഷിക പരിപാടിയിലേക്ക് മന്ത്രി വീണാ ജോര്‍ജ്ജ് തന്നെ ക്ഷണിച്ചില്ല. പങ്കെടുക്കണം എന്ന് വിളിച്ച് പറഞ്ഞത് ജില്ലാ കളക്ടര്‍. തന്റെ മണ്ഡലത്തിലെ പരിപാടികള്‍ പോലും മന്ത്രി അറിയിക്കാറില്ല. മന്ത്രിക്ക് ഏകോപനം എന്തെന്ന് അറിയില്ലെന്നും’ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ വിമര്‍ശിച്ചു.

അടൂര്‍ മണ്ഡലത്തിൽ നടക്കുന്ന പരിപാടികള്‍ ആരോഗ്യമന്ത്രി അറിയിക്കാറില്ല. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് പലതവണ വിളിച്ചിട്ടുണ്ടെങ്കിലും ഫോണ്‍ എടുത്തിട്ടേയില്ല. ഈ വിവരങ്ങളെല്ലാം സിപിഐഎം ജില്ലാ നേതൃത്വത്തെ അറിയിച്ചെങ്കിലും നടപടി ഉണ്ടാകാത്തതുകൊണ്ടാണ് തുറന്നു പറയുന്നതെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറയുന്നു.