പ്രചരിച്ചത് വ്യാജ വാർത്ത; യുവമോര്‍ച്ചയുടെ പരിപാടിയില്‍ പങ്കെടുക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് രാഹുല്‍ ദ്രാവിഡ്

single-img
10 May 2022

ബിജെപി യുവജന സംഘടനയായ യുവമോര്‍ച്ചയുടെ പരിപാടിയില്‍ പങ്കെടുക്കുമെന്ന രീതിയിൽ പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രാഹുല്‍ ദ്രാവിഡ്. ‘ഈ മാസം 12 മുതല്‍ 15 വരെ ഞാന്‍ ഹിമാചല്‍പ്രദേശില്‍ ഒരു യോഗത്തില്‍ പങ്കെടുക്കുമെന്ന് ഒരു വിഭാഗം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് തെറ്റാണെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’-ദ്രാവിഡ് പറഞ്ഞു.

ഹിമാചലിൽ ധരംശാലയില്‍ നടക്കുന്ന യുവമോര്‍ച്ചയുടെ ദേശീയ പ്രവര്‍ത്തക സമിതി യോഗത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടിയില്‍ രാഹുല്‍ പങ്കെടുക്കുമെന്നായിരുന്നു വിവിധ മാധ്യമങ്ങളിൽ വന്ന വാര്‍ത്തകള്‍. ദ്രാവിഡ് പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കുമെന്ന് ബിജെപിയുടെ എംഎല്‍എ വിശാല്‍ നെഹ്രിയയും പറഞ്ഞിരുന്നു.

സമൂഹത്തിലെ വ്യത്യസ്ത മേഖലകളില്‍ വിജയിക്കാനാവണം എന്ന സന്ദേശം നല്‍കുന്നതിന് വേണ്ടിയാണ് രാഹുല്‍ ദ്രാവിഡിനെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. ദ്രാവിഡിന്റെ വിജയങ്ങള്‍ നമ്മുടെ യുവാക്കള്‍ക്ക് മികച്ച സന്ദേശം നല്‍കും. രാഷ്ട്രീയത്തില്‍ മാത്രമല്ല, യുവാക്കള്‍ക്ക് മറ്റു മേഖലകളില്‍ മുന്നേറാന്‍ ദ്രാവിഡിന്റെ സാന്നിധ്യം യുവാക്കള്‍ക്ക് പ്രചോദനമാകുമെന്നും വിശാല്‍ പറഞ്ഞിരുന്നു