വിവാഹ ചടങ്ങിനിടെ കറന്റ് പോയി; സഹോദരിമാരായ വധുക്കളെ മാറി താലികെട്ടി വരന്മാർ

single-img
10 May 2022

മധ്യപ്രദേശിലെ ഉജ്ജയിനിൽ വിവാഹ ചടങ്ങിനിടെ കറന്റ് പോയതോടെ സഹോദരിമാരായ വധുക്കള്‍ വരന്മാർക്ക് പരസ്‌പരം മാറി. പ്രദേശത്തെ രമേഷ് ലാൽ റെലോട്ടിന്‍റെ മൂന്ന് പെൺമക്കളുടെയും മകന്‍റെയും വിവാഹ ചടങ്ങിനിടെയാണ് ഇരിക്കേണ്ട ഇടങ്ങള്‍ മാറിയത് ആശയക്കുഴപ്പത്തിനിടയാക്കിയത്. മാത്രമല്ല, ഒരേ രീതിയില്‍ വസ്ത്രം ചെയ്തതും ഒരേ മൂടുപടം അണിഞ്ഞിരുന്നതും മൂലം വരന്മാര്‍ പെണ്‍കുട്ടികളെ തിരിച്ചറിയാതെ പോകാൻ കാരണമാകുകയും ചെയ്തു.

രമേഷ് ലാൽ റെലോട്ടിന്‍റെ മൂന്ന് പെൺമക്കളിൽ കോമൾ, രാഹുലിനെയും നികിത, ഭോലയെയും കരിഷ്‌മ, ഗണേശിനെയുമാണ് വിവാഹം ചെയ്യാൻ നിശ്ചയിച്ചത്. വിവാഹദിനം വൈകുന്നേരം കോമളിന്‍റെയും രാഹുലിന്‍റെയും വിവാഹ ചടങ്ങുകൾ നടന്നു. കല്യാണത്തിനായി രാത്രി 11 മണിയോടെ ഭോലയും ഗണേശും വധുമാരുടെ വീട്ടിലെത്തി.എന്നാൽ വിവാഹചടങ്ങുകൾ ആരംഭിച്ചതോടെ വൈദ്യുതി തടസമുണ്ടായി.

കറന്റ് ഇല്ലെങ്കിലും പുരോഹിതൻ പ്രാർഥനകൾ ചൊല്ലാൻ തുടങ്ങിയതോടെ അബദ്ധത്തിൽ നികിത ഗണേശിനൊപ്പവും കരിഷ്‌മ ഭോലയ്‌ക്കൊപ്പവും ഇരുന്നു.നാല് പേരും അഗ്നി പ്രദക്ഷിണത്തിന് തയാറെടുക്കുമ്പോഴാണ് വധുക്കളെ പരസ്‌പരം മാറിപ്പോയത് ബന്ധുക്കൾ ശ്രദ്ധിക്കുന്നത്.പ്രദേശത്ത് ദിവസവും രാത്രി 7 മുതൽ അർധരാത്രി വരെ വൈദ്യുതി മുടങ്ങാറുണ്ട്. എന്തായാലും ചെറിയ തര്‍ക്കമുണ്ടായെങ്കിലും സംഭവം ഒത്തുതീര്‍പ്പിലെത്തിയതായി ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ട്. അടുത്ത ദിവസം ഒരിക്കല്‍ കൂടി ചടങ്ങുകള്‍ എല്ലാം നടത്താനാണ് കുടുംബങ്ങളുടെ തീരുമാനം