പി സി ജോര്‍ജിന് ജാമ്യം നല്‍കിയതിന് എതിരെ അപ്പീല്‍ നല്‍കാന്‍ പ്രോസിക്യൂഷന്‍

single-img
1 May 2022

മുസ്ലിം മത വിഭാഗത്തിനെതിരെ വിദ്വെഷ പ്രസംഗം നടത്തിയ പി സി ജോര്‍ജിന് കോടതി ജാമ്യം നല്‍കിയതിന് എതിരെ അപ്പീല്‍ നല്‍കാന്‍ പ്രോസിക്യൂഷന്‍ ആലോചന. രണ്ടുദിവസത്തെ അവധിക്ക് ശേഷം ജാമ്യ ഉത്തരവ് കിട്ടിയശേഷം തീരുമാനം എടുക്കും. വിഷയത്തിൽ സർക്കാര്‍ ഭാഗം കേൾക്കാതെയാണ് ജാമ്യമെന്നാണ് പ്രോസിക്യൂഷനും പൊലീസും പറയുന്നത്.

മുസ്ലിം മത വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത പി സി ജോര്‍ജിന് ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. മതവിദ്വേഷ പരാമർശങ്ങൾ നടത്തരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വഞ്ചിയൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്.

ഇന്ന് രാവിലെയായിരുന്നു കേസില്‍ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. പുലർച്ചെ ഇരാറ്റുപേട്ടയിലെ വീട്ടിലെത്തിയ തിരുവനന്തപുരം ഫോർട്ട് പൊലീസ് പി സി ജോർജ്ജിനെ കസ്റ്റഡിയിലെടുത്ത ശേഷം തിരുവനന്തപുരം എആർ ക്യാമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.