വേണ്ടി വന്നാല്‍ വിജയ് ബാബുവിനെ വിദേശത്ത് പോയി അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്

single-img
30 April 2022

ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അറസ്റ്റിന് തടസമല്ലെന്നും വിജയ് ബാബുവിടെ തേടി വിദേശത്ത് പോകേണ്ടി വന്നാൽ പോകുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു . പൊലീസിന് മുന്നിൽ ഹാജരാകണമെന്ന് അറിയിച്ച് വിജയ് ബാബുവിന്‍റെ വീട്ടിൽ നോട്ടീസ് നൽകിയിട്ടുണ്ട്. പ്രതി കീഴടങ്ങുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ അന്വേഷണത്തിൽ കാലതാമസമുണ്ടായിട്ടില്ല. ഈ മാസം 22ന് പരാതി ലഭിച്ചു, അന്ന് തന്നെ കേസെടുത്തുവെന്നും സി എച്ച് നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു. വിജയ് ബാബു ഇരയെയും സാക്ഷികളെയും സ്വാധീനിക്കാതിരിക്കാൻ നടപടിയെടുത്തുവെന്നും സ്വാധീനിച്ചാൽ വേറെ കേസെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, വിജയ് ബാബുവിനെതിരായ രണ്ടാമത്തെ പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു. പുതിയ മീ ടൂ ആരോപണത്തിൽ കൊച്ചി സിറ്റി പൊലീസ് പരിശോധന തുടങ്ങിട്ടുണ്ട്. വുമൺ എഗൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ് പേജിലൂടെയാണ് അജ്ഞാതയായ യുവതി ഇന്നലെ രംഗത്തെത്തിയത്. ഇതാരെന്ന് കണ്ടെത്താൻ പ്രത്യേക സൈബർ ടീമിനെ നിയോഗിച്ചിട്ടുണ്ട്. പേജിന്റെ അഡ്മിനെ കണ്ട് വിവരങ്ങൾ ശേഖരിക്കും.