കെ വി തോമസിനെ കോൺഗ്രസ് പുറത്താക്കിയാല്‍ സിപിഎം അഭയം നൽകും: കോടിയേരി ബാലകൃഷ്ണൻ

single-img
26 April 2022

കെ വി തോമസിനെ കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കിയാല്‍ സിപിഎം അഭയം നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ വി തോമസിന് ഇടതുപക്ഷ പ്രസ്ഥാനത്തില്‍ അഭയം കിട്ടാന്‍ യാതൊരു പ്രയാസവുമില്ലെന്ന് കോടിയേരി പറഞ്ഞു.

സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്തതിന്റെ പേരിലാണ് കെ വി തോമസിനെതിരായ നടപടി. അതേസമയം, ബിജെപിക്കൊപ്പം സില്‍വര്‍ ലൈന്‍ സമരം നടത്തുന്ന കോണ്‍ഗ്രസുകാര്‍ക്കെതിരെ നടപടിയില്ലെന്ന് കോടിയേരി കുറ്റപ്പെടുത്തി. കെ വി തോമസിനെ കോണ്‍ഗ്രസ് പുറത്താക്കിയാല്‍ അദ്ദേഹം വഴിയാധാരമാകില്ലെന്നും കോടിയേരി വ്യക്തമാക്കി.

കെവി തോമസിനെതിരായ അച്ചടക്ക നടപടി തീരുമാനിക്കാന്‍ ഇന്ന് രാവിലെ എ കെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി യോഗം ചേര്‍ന്നിരുന്നു. പാര്‍ട്ടിയുടെ വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിനെ പാര്‍ട്ടി പദവികളില്‍ നിന്ന് മാറ്റി നിര്‍ത്താനാണ് അച്ചടക്ക സമിതിയുടെ തീരുമാനം. കെ.വി തോമസിനെതിരെ സസ്‌പെന്‍ഷന്‍ നടപടിക്ക് പകരം താക്കീത് ചെയ്യും. അതേസമയം തന്നെ കോണ്‍ഗ്രസില്‍ നിന്ന് എടുത്ത് മാറ്റാന്‍ ആര്‍ക്കും സാധിക്കില്ലെന്നായിരുന്നു കെ വി തോമസിന്റെ പ്രതികരണം.