ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളിൽ സർക്കാർ ഇടപെടേണ്ട; പൂര്‍ണ അധികാരം ദേവസ്വം ബോര്‍ഡിനെന്ന് ഹൈക്കോടതി

single-img
22 April 2022

ശബരിമല ക്ഷേത്രത്തിലെ വെര്‍ച്വല്‍ ക്യൂ സംവിധാനം തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ഏറ്റെടുക്കണമെന്ന് കേരള ഹൈക്കോടതിയുടെ ഉത്തരവ്. ഇപ്പോൾ പോലീസിനാണ് ക്യൂവിന്റെ നിയന്ത്രണം. ശബരിമലയുമായി ബന്ധപ്പെട്ട് ഹൈ കോടതി സ്വമേധയാ എടുത്ത കേസിലാണ് സുപ്രധാന ഉത്തരവ് ഉണ്ടായിരിക്കുന്നത്.

വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാനുള്ള വെബ്‌സൈറ്റില്‍ പരസ്യങ്ങള്‍ പാടില്ലെന്നും ഭക്തരുടെ വിവരങ്ങള്‍ സുരക്ഷിതമാണെന്നുറപ്പ് വരുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇതോടൊപ്പം തന്നെ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളിലിലോ നടത്തിപ്പ് മേല്‍നോട്ടത്തിലോ സര്‍ക്കാരിന് യാതൊരു അധികാരവുമില്ലെന്ന് കോടതി വ്യക്തമാക്കി. ഇവയുടെ പൂര്‍ണ അധികാരം ദേവസ്വം ബോര്‍ഡിനാണ് എന്നും ഉത്തരവിൽ പറയുന്നു.

പോലീസ് നിയന്ത്രണം ഇനിമുതൽ അടിയന്തര ഘട്ടങ്ങളില്‍മാത്രം മതിയെന്നും ഹൈക്കോടതി വ്യക്തമാക്കി. ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാരിന്റേയും പോലീസിന്റെയും പങ്ക് എന്താണെന്നായിരുന്നു കോടതിയുടെ മറ്റൊരു ചോദ്യം. ക്ഷേത്രം ട്രസ്റ്റി എന്ന നിലയില്‍ ദേവസ്വം ബോര്‍ഡിനാണ് ഇതിനുള്ള അധികാരമെന്ന് കോടതി നിരീക്ഷിച്ചു. മറ്റു ക്ഷേത്രങ്ങളിലെ എന്ന പോലെ ശബരിമലയിലും ബോര്‍ഡിനാണ് കാര്യങ്ങള്‍ തീരുമാനിക്കാന്‍ അധികാരമുള്ളത് എന്നാണ് കോടതി നിലപാട്.