അനുവാദമില്ലാതെ മതപരമായ ഘോഷയാത്ര നടത്തരുത്; നിർദ്ദേശവുമായി യോഗി ആദിത്യനാഥ്‌

single-img
19 April 2022

അധികൃതരിൽ നിന്നുള്ള അനുവാദമില്ലാതെ മതപരമായ ഘോഷയാത്രകൾ നടത്തരുതെന്നും ഉച്ചഭാഷിണിയുടെ ഉപയോഗം മറ്റുള്ളവർക്ക് അസൗകര്യമുണ്ടാക്കരുതെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശം.

ഈദ് – അക്ഷയ തൃതീയ ഉത്സവങ്ങൾ അടുത്ത മാസം ഒരേ ദിവസം വരാൻ സാധ്യതയുള്ളതിനാൽ വരും ദിവസങ്ങളിൽ പൊലീസ് കൂടുതൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം നിർദ്ദേശം നൽകി. ഇന്ന് സംസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥരുമായി ക്രമസമാധാന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു യോ​ഗി ആദിത്യനാഥ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഉത്തർപ്രദേശിൽ മുൻകരുതൽ സ്വീകരിക്കുന്നത്.

ജനങ്ങൾക്ക് എല്ലാവര്ക്കും അവരവരുടെ മതപരമായ പ്രത്യയശാസ്ത്രമനുസരിച്ച് ആരാധനാ രീതി പിന്തുടരാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും മൈക്കുകൾ ഉപയോഗിക്കാമെങ്കിലും ശബ്ദം മറ്റുള്ളവർക്ക് പ്രശ്നമുണ്ടാക്കരുതെന്ന് ഉറപ്പ് വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

അതേപോലെ തന്നെ നേരത്തെയുള്ളതല്ലാതെ പുതിയ ഉച്ചഭാഷിണി സ്ഥാപിക്കാൻ അനുമതി നൽകരുതെന്നും മുഖ്യമന്ത്രി നിർദേശിച്ചു. മുൻകൂട്ടിയുള്ള അനുവാദമില്ലാതെ മതപരമായ ഘോഷയാത്ര നടത്തരുത്. അനുമതി നൽകുന്നതിന് മുമ്പ് സമാധാനവും സൗഹാർദ്ദവും നിലനിർത്തുന്നത് സംബന്ധിച്ച് സംഘാടകരിൽ നിന്ന് സത്യവാങ്മൂലം വാങ്ങണം. പരമ്പരാഗതമായ മതപരമായ ഘോഷയാത്രകൾക്ക് മാത്രമേ അനുമതി നൽകൂ. പുതിയ പരിപാടികൾക്ക് അനാവശ്യ അനുമതി നൽകരുതെന്നും ആദിത്യനാഥ് കൂട്ടിച്ചേർത്തു.