അഫ്‌ഗാനിൽ പാക് റോക്കറ്റാക്രമണം; കുട്ടികളുൾപ്പെടെ കൊല്ലപ്പെട്ടു, മുന്നറിയിപ്പുമായി താലിബാൻ

single-img
17 April 2022

പാക് സൈന്യം അഫ്‌ഗാന്റെ അതിർത്തിക്ക് സമീപം നടത്തിയ റോക്കറ്റാക്രമണത്തിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പ് നൽകി താലിബാൻ സർക്കാർ. ആക്രമണത്തിൽ അഞ്ച് കുട്ടികളും ഒരു സ്ത്രീയുമായിരുന്നു കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയാണ് പാകിസ്ഥാന് മുന്നറിയിപ്പുമായി താലിബാൻ രംഗത്തെത്തിയത്. ”കുനാറിലെ ഷെൽട്ടൻ ജില്ലക്ക് നേരെയുണ്ടാ പാകിസ്ഥാനി റോക്കറ്റാക്രമണത്തിൽ അഞ്ച് കുഞ്ഞുങ്ങളും ഒരു സ്ത്രീയും കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു,” താലിബാൻ വക്താവ് അറിയിച്ചു.

ഇരുരാജ്യങ്ങളും തമ്മിൽ അതിർത്തി പങ്കിടുന്ന അഫ്ഗാനിസ്ഥാനിലെ കിഴക്കൻ പ്രവിശ്യാ പ്രദേശമാണ് കുനാർ. അതിർത്തിക്ക് സമീപമുള്ള ഖോസ്റ്റ് പ്രവിശ്യയിലും ഇത്തരത്തിൽ പാക് വ്യോമസേനയുടെ ആക്രമണമുണ്ടായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

‘ഖോസ്റ്റ് പ്രവിശ്യയിലെ നാല് ഗ്രാമങ്ങൾക്ക് മേൽ പാകിസ്ഥാൻ സേന ഹെലികോപ്റ്റർ വഴി ബോംബാക്രമണം നടത്തി,” താലിബാൻ സർക്കാർ പ്രതിനിധി പറഞ്ഞതായി ടി.ആർ.ടി. വേൾഡ് റിപ്പോർട്ട് ചെയ്തു. എന്നാൽ കൂചുതൽ വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ല.

ആക്രമണത്തെത്തുടർന്ന് കാബൂളിലെ പാകിസ്ഥാൻ അംബാസിഡറെ താലിബാൻ സർക്കാർ വിളിപ്പിക്കുകയും പ്രതിഷേധമറിയിക്കുകയും ചെയ്തു. അഫ്ഗാൻ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

‘ഇത് ക്രൂരതയാണ്. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ശത്രുതക്കാണ് ഇത് വഴിവെക്കുക. ഒരു യുദ്ധം പൊട്ടിപ്പുറപ്പെടുകയാണെങ്കിൽ അത് രണ്ട് കൂട്ടർക്കും നല്ലതിനായിരിക്കില്ല, എന്നാണ് പാകിസ്ഥാൻ മനസിലാക്കേണ്ടത്. അത് പ്രദേശത്തെ അസ്ഥിരതക്ക് മാത്രമേ വഴിവെക്കൂ,” പാകിസ്ഥാന് നൽകിയ മുന്നറിയിപ്പ് സന്ദേശത്തിൽ താലിബാൻ സർക്കാരിന്റെ വക്താവ് സബിഹുല്ല മുജാഹിദ് വ്യക്തമാക്കി. എന്നാൽ സംഭവത്തിൽ പാകിസ്ഥാൻ സൈന്യത്തിന്റെ ഭാഗത്ത് നിന്നും പ്രതികരണമൊന്നും ഇതുവരെ വന്നിട്ടില്ല.