എ വിജയരാഘവൻ സിപിഎം പോളിറ്റ്ബ്യൂറോയിലേയ്ക്ക്; കെ എൻ ബാലഗോപാലും പി രാജീവും കേന്ദ്രകമ്മിറ്റിയിലേക്ക്

single-img
10 April 2022

സംസ്ഥാനത്തെ ഇടതുമുന്നണി കൺവീനര്‍ എ വിജയരാഘവൻ സിപിഎം പോളിറ്റ്ബ്യൂറോയിലേയ്ക്ക്. നിലവിലെ മന്ത്രിസഭയിൽ മന്ത്രിമാരായ കെ എൻ ബാലഗോപാലിനെയും പി രാജീവിനെയും കേന്ദ്രകമ്മിറ്റിയുടെ ഭാഗമാക്കാനും പാര്‍ട്ടി തീരുമാനിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം രാത്രിയിൽ ചേര്‍ന്ന പിബി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. അതേസമയം, സിഎസ് സുജാത, പി സതീദേവി എന്നിവരായിരിക്കും കേരളത്തിൽ നിന്നുള്ള വനിതാ പ്രതിനിധികള്‍. കിസാൻ സഭയുടെ ജനറൽ സെക്രട്ടറി ഹനൻ മൊല്ല പ്രായപരിധിയെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിൽ കിസാൻ സഭ ദേശീയ പ്രസിഡൻ്റ് അശോക് ധാവ്ളെയും പിബി അംഗമായി.

കേരളത്തിൽ നിന്നുള്ള മുതിര്‍ന്ന നേതാവ് എസ് രാമചന്ദ്രൻ പിള്ളയും ഇത്തവണ പിബിയിൽ നിന്നൊഴിവാകും. അദ്ദേഹത്തിൻ്റെ ഒഴിവിൽ കര്‍ഷക തൊഴിലാളി യൂണിയൻ ദേശീയ അധ്യക്ഷൻ കൂടിയായ വിജയരാഘവന് അംഗത്വം ലഭിക്കുകയായിരുന്നു. അതേപോലെ തന്നെ വൈക്കം വിശ്വനും പി കരുണാകരനും ഇത്തവണ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് സ്ഥാനമൊഴിയും. ഇവര്‍ക്ക് പകരമായാണ് കെ എൻ ബാലഗോപാലിൻ്റെയും പി രാജീവിൻ്റെയും നിയമനം. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി എം സി ജോസഫൈനും കേന്ദ്ര കമ്മിറ്റിയിൽ തുടരില്ലെന്ന് അറിയിക്കുകയായിരുന്നു.