സിപിഎം പാർട്ടി കോൺഗ്രസ്; അഭിവാദ്യം ചെയ്ത് സന്ദേശം അയച്ചത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 37 കമ്യൂണിസ്‌റ്റ്‌ ഇടതുപക്ഷ പാർട്ടികൾ

single-img
7 April 2022

വിദേശ പാർടി പ്രതിനിധികളെ ഇപ്പൊൾ സിപിഐ എം സമ്മേളനത്തിലേക്ക്‌ ക്ഷണിക്കാറില്ല. എങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള 37 കമ്യൂണിസ്‌റ്റ്‌ ഇടതുപക്ഷ പാർടികളാണ്‌ പാർടി കോൺഗ്രസിനെ അഭിവാദ്യം ചെയ്‌ത്‌ സന്ദേശമയച്ചത്‌ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

ലോകമെങ്ങുമുള്ള പൊരുതുന്ന പ്രസ്ഥാനങ്ങൾക്ക്‌ സിപിഐ എമ്മിനോടുള്ള ഐക്യപ്പെടലിന്റെ വിളംബരം കൂടിയാണ്‌ ആ സന്ദേശങ്ങളെന്നു കോടിയേരി അഭിപ്രായപ്പെട്ടു. ചൈനീസ്‌ കമ്യൂണിസ്‌റ്റ്‌ പാർടി, വിയറ്റ്‌നാം കമ്യൂണിസ്‌റ്റ്‌ പാർടി, റഷ്യൻ കമ്യൂണിസ്‌റ്റ്‌ പാർടി, ലാവോസ്‌ കമ്യൂണിസ്‌റ്റ്‌ പാർടി, കൊറിയൻ വർക്കേഴ്‌സ്‌ മൂവ്‌മെന്റ്‌ തുടങ്ങിയ പാർടികളാണ്‌ സന്ദേശമയച്ചത്‌.

ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുകയും രാജ്യത്ത്‌ തീവ്ര വർഗീയതയും കോർപ്പറേറ്റ്‌വൽക്കരണവും അടിച്ചേൽപ്പിക്കുന്ന ബിജെപി സർക്കാറിനെ താഴെയിറക്കാനുള്ള വിശാല ഇടതുമതേതര മുന്നണി ശക്തിപ്പെടുത്തുകയും ചെയ്യാനുള്ള ആഹ്വാനവുമായാണ്‌ സിപിഐ എം 23ാം പാർടി കോൺഗ്രസിന്‌ കണ്ണൂരിന്റെ ചുവന്ന മണ്ണിൽ തുടക്കം കുറിച്ചത്‌. ഇന്ത്യൻ വിപ്ലവ പ്രസ്ഥാനത്തിന്റെ ഈറ്റില്ലം വേദിയാകുന്ന ഈ സമ്മേളനത്തെ രാജ്യമാകെ ഉറ്റുനോക്കുകയാണെന്നും കോടിയേരി പറഞ്ഞു.

നാല്‌ വർഷം മുമ്പ്‌ 2018 ഏപ്രിലിലാണ്‌ ഹൈദരാബാദിൽ 22ാംപാർടി കോൺഗ്രസ്‌ ചേർന്നത്‌. തുടർന്നുള്ള നാല്‌ വർഷം രാജ്യത്ത്‌ ബിജെപി സർക്കാറിനെതിരായ അതിശക്തമായ പ്രക്ഷോഭങ്ങളാണ്‌ നടന്നത്‌. ആ സമരം കൂടുതൽ ശക്തിപ്പെടുത്തുകയും അതോടൊപ്പം ബിജെപി സർക്കാറിനെ 2്024 ലെ തെരഞ്ഞെടുപ്പിൽ താഴെയിറക്കുകയും ചെയ്യുന്നതിനുള്ള ജനകീയ മുന്നേറ്റം അനിവാര്യമായിരിക്കുകയാണ്‌. അത്തരം സന്ദർഭത്തിൽ ചേരുന്ന ഈ സമ്മേളനത്തിലും ഇനിയുള്ള ദിവസങ്ങളിലുള്ള ചർച്ചകളും തീരുമാനങ്ങളുമായിരിക്കും ഉണ്ടാകാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.