ഉക്രൈൻ വിഷയത്തിൽ ഓപ്പറേഷൻ ഗംഗയിലൂടെ മോദിയുടെ ഇടപെടൽ സമാനതകളില്ലാത്തത്: എസ് ജയശങ്കർ

single-img
6 April 2022

ഉക്രെയ്ൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാടിന് രാഷ്ട്രീയനിറം നൽകാനുള്ള ശ്രമം നിർഭാഗ്യകരമാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യ സമാധാനത്തിന്റെ പക്ഷത്താണെന്നും മന്ത്രി ലോക്‌സഭയിൽ പറഞ്ഞു.

നിരപരാധികളായ ജനങ്ങളെ കൊന്നൊടുക്കിയും രക്തം ചിന്തിയും ഒരു പ്രശ്‌നവും പരിഹരിക്കാനാകില്ലെന്നാണ് ഇന്ത്യയുടെ നിലപാടെന്നും ഉക്രെയ്ൻ യുദ്ധത്തെ അലപപിക്കുന്നതായും ജയശങ്കർ പറഞ്ഞു. ഇന്ന് ലോക്‌സഭയിൽ ബജറ്റ് സെഷനിൽ സംസാരിക്കുമ്പോഴായിരുന്നു ജയശങ്കർ ഇക്കാര്യങ്ങൾ പറഞ്ഞത്.

‘ഓപ്പറേഷൻ ഗംഗ’യിൽ മോദിയുടെ ഇടപെടൽ സമാനതകളില്ലാത്തതെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ ഒരു രാജ്യം പോലും ഇത്രയേറെ ആളുകളെ മറ്റൊരു രാജ്യത്തുനിന്ന് ഒഴിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് തിരക്കുകൾക്കിടയിലും മോദി യോഗങ്ങൾ വിളിപ്പിച്ചും ഒഴിപ്പിക്കൽ നടപടികൾക്ക് മേൽനോട്ടം വഹിച്ചും നിർണായക പങ്കുവഹിച്ചുവെന്നും നാലു കേന്ദ്രമന്ത്രിമാർ യുക്രെയ്‌ന്റെ അയൽരാജ്യങ്ങളിൽ പോയി തമ്പടിച്ചതുകൊണ്ടാണ് ഇത്രയധികം പേരെ ഒഴിപ്പിക്കാൻ ഇന്ത്യയ്ക്കായതെന്നും അദ്ദേഹം പറഞ്ഞു.

ഉക്രെയ്‌നിലെ ബുച്ചയിൽ നടന്ന കൂട്ടക്കുരുതിയുടെ കാര്യം ഒട്ടേറെ എംപിമാർ ഉയർത്തിക്കാട്ടിയിരുന്നു. അവിടെനിന്നുള്ള റിപ്പോർട്ടുകൾ തീർച്ചയായും മനസാക്ഷി മരവിപ്പിക്കുന്നതാണ്. അവിടെ നടന്ന കൂട്ടക്കുരുതിയെ ഇന്ത്യ ശക്തമായി അപലപിക്കുന്നു. ഇത് ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. മാത്രമല്ല, ഇക്കാര്യത്തിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്നാണ് ഇന്ത്യയുടെ നിലപാട്.’ – ജയശങ്കർ ലോക്‌സഭയിൽ പറഞ്ഞു.