ഉദ്യോഗസ്ഥര്‍ കുറച്ചുകൂടി പുരോഗമനപരമായി ചിന്തിക്കണം; സോഷ്യൽ മീഡിയാ നിരോധനത്തിനെതിരെ ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ മകൻ

single-img
3 April 2022

ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധിയും അടിയന്തിരാവസ്ഥയും തുടരുന്നതിനിടെ, സോഷ്യൽ മീഡിയയ്ക്ക് നിരോധനം ഏർപ്പെടുത്തിയ സര്‍ക്കാരിന്റ നടപടിയെ പരസ്യമായി വിമര്‍ശിച്ച് പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയുടെ മകനും യൂത്ത് ആന്‍ഡ് സ്‌പോര്‍ട്‌സ് വകുപ്പ് മന്ത്രിയുമായ നമല്‍ രജപക്‌സെ.സമൂഹത്തിൽ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരായ നടപടി എന്ന പേരിലായിരുന്നു സര്‍ക്കാര്‍ സമൂഹ മാധ്യമങ്ങള്‍ക്ക് നിരോധവും ഏർപ്പെടുത്തിയത്.

നമല്‍ രജപക്‌സെയുടെ വാക്കുകൾ ഇങ്ങിനെ: ”സോഷ്യല്‍ മീഡിയ രാജ്യത്ത് ബ്ലോക്ക് ചെയ്ത നടപടി ഞാന്‍ ഒരിക്കലും പൊറുക്കില്ല. ഞാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് പോലെ, വിപിഎന്നിന്റെ (വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക്) അവയ്‌ലബിലിറ്റി ഇത്തരം നിരോധനങ്ങളെ പൂര്‍ണമായും ഉപയോഗശൂന്യമാക്കുന്നു. നമ്മുടെ ഉദ്യോഗസ്ഥര്‍ കുറച്ചുകൂടി പുരോഗമനപരമായി ചിന്തിക്കണമെന്നും ഈ തീരുമാനത്തില്‍ പുനര്‍വിചിന്തനം നടത്തണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു,”

അതേസമയം, പ്രസിഡന്റ് ഗോതബയ രജപക്‌സെക്കെതിരായ ജനങ്ങളുടെ പ്രക്ഷോഭങ്ങള്‍ തടയുന്നതിന് വേണ്ടിയാണ് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. പിന്നാലെ തന്നെ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ്, യൂട്യൂബ് എന്നീ സോഷ്യല്‍ മീഡിയ സൈറ്റുകളെല്ലാം രാജ്യത്ത് നിരോധിച്ചുകൊണ്ട് ഞായറാഴ്ച ഉത്തരവിറക്കുകയായിരുന്നു.