ഐ ടി സ്ഥാപനങ്ങളിൽ തുടങ്ങുന്ന മദ്യശാലകൾ ഭാവിയിൽ കലാലയങ്ങളിലേക്കും പിണറായി സർക്കാർ വ്യാപിപ്പിക്കും: ജെബി മേത്തര്‍

single-img
2 April 2022

ഐ.ടി.കമ്പനികളിൽ മദ്യശാല തുടങ്ങാനുള്ള നീക്കത്തിലൂടെ യുവജനങ്ങളെ മദ്യത്തിന് അടിമകളാക്കി ‘മദ്യ വിപ്ലവം’ സൃഷ്ടിക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നതെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍. കുടുംബ സമാധാനം തകർക്കുന്ന മദ്യ നയത്തിനെതിരെ കുടുംബിനികൾ മഹിള കോൺഗ്രസിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു അവർ.

ഐടി കമ്പനികളിൽ തൊഴിലെടുക്കുന്നത് ഏറെയും പെൺകുട്ടികളാണ്.സ്ഥാപനങ്ങളിലെ സാമൂഹ്യ അന്തരീക്ഷവും സമാധാനവും ഉദ്പാദന ക്ഷമതയും ഇത് മൂലം തകർക്കപ്പെടുമെന്നും പുതിയ മദ്യ നയത്തിന് പിന്നിൽ കോടികളുടെ അഴിമതിയുണ്ടെന്നും അവർ ആരോപിച്ചു.

അഴിമതി ആരോപണത്തെ തുടർന്ന് ഒരിക്കൽ വേണ്ടെന്ന് വച്ച ബ്രൂവറിയാണ് പുതിയ നയത്തിലൂടെ തിരിച്ചു വരുന്നത്. ഇപ്പോൾ ഐ.ടി സ്ഥാപനങ്ങളിൽ തുടങ്ങുന്ന മദ്യശാലകൾ ഭാവിയിൽ കലാലയങ്ങളിലേക്കും പിണറായി സർക്കാർ വ്യാപിപ്പിക്കും.മദ്യവർജ്ജനം ഇടതു മുന്നണിയുടെ നയമല്ലെങ്കിൽ അക്കാര്യം മുഖ്യമന്ത്രി തുറന്നു പറയണമെന്നും ജെബി മേത്തർ ആവശ്യപ്പെട്ടു.