ഇന്ധന വില വർദ്ധനവിലൂടെ പ്രതിദിനം ബിജെപി അക്കൗണ്ടില്‍ എത്തുന്നത് 10 കോടി രൂപ: കോടിയേരി ബാലകൃഷ്ണൻ

single-img
2 April 2022

രാജ്യത്തെ എണ്ണകമ്പനിക്കാര്‍ ഓരോ ദിവസവും വില നിശ്ചയിക്കുമ്പോള്‍ അതില്‍ ഒപ്പിട്ടു കൊടുക്കുന്ന പ്രധാനമന്ത്രിയാണ് ഇന്ത്യ ഭരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിക്കുകയാണ് ബിജെപിയും കോര്‍പ്പറേറ്റുകളും. ജനങ്ങളെ കൊള്ളയടിക്കുക, ബിജെപി അക്കൗണ്ട് നിറയ്ക്കുക, അധികാരം നിലനിര്‍ത്തുക ഇതാണ് ബിജെപിയുടെ നയമെന്നും അദ്ദേഹം ആരോപിച്ചു.

കേന്ദ്ര സർക്കാർ രാജ്യത്ത് സ്വീകരിക്കുന്ന തെറ്റായ നയങ്ങള്‍ക്കെതിരെ സിപി എം കേന്ദ്രകമ്മറ്റി ആഹ്വാനം ചെയ്ത പ്രതിഷേധദിനം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി. ” ഓരോ ദിവസവും 10 കോടി രൂപയാണ് ബിജെപി അക്കൗണ്ടില്‍ എത്തുന്നത്. രാജ്യത്തെ പാവങ്ങളെ കൊള്ളയടിച്ച ഈ പണം ഉപയോഗിച്ചാണ് ബിജെപി തെരഞ്ഞെടുപ്പില്‍ വോട്ട് ബാങ്ക് സൃഷ്ടിച്ച് അധികാരത്തിലെത്തുന്നത്.

വൻകിട കോര്‍പ്പറേറ്റുകള്‍ക്ക് നികുതി ഒഴിവാക്കി നല്‍കുകയാണ് കേന്ദ്രസര്‍ക്കാര്‍. ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം എന്നതാണ് ബിജെപി നയം. ബിജെപിയുമായി ഒത്തുചേര്‍ന്ന് കോര്‍പറേറ്റുകളെ സഹായിക്കുകയാണ് കോണ്‍ഗ്രസ്. കേന്ദ്രം നികുതി വര്‍ധിപ്പിക്കുക, സംസ്ഥാനങ്ങള്‍ നികുതി കുറക്കുക എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ദേശീയ തലത്തിൽ ബിജെപിയുടെ ബീ ടീമായി കോണ്‍ഗ്രസ് മാറിയിരിക്കുകയാണ്.

കേരളത്തിലാവട്ടെ ഇടതുപക്ഷത്തെ തകര്‍ക്കാന്‍ ബിജെപി എന്ത് പറയുന്നോ അത് ഏറ്റുപറയുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. ഇപ്പോൾ ഓരോ ദിവസവും ഇന്ധനവില വര്‍ധിപ്പിക്കുന്ന രാജ്യം ഇന്ത്യ മാത്രമാണ്. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്നും താഴെ ഇറക്കിയാല്‍ മാത്രമേ ഈ ഇന്ധന വില വര്‍ധനവിന് അറുതി ഉണ്ടാകൂയെന്നും കോടിയേരി കൂട്ടിച്ചേർത്തു.