ഇന്ത്യയില്‍ ഏപ്രിൽ ഫൂൾ ഇല്ല; പകരം ഇന്ത്യക്കാര്‍ അന്ന് അച്ഛേ ദിന്‍ ആയി ആഘോഷിക്കുന്നു; പരിഹാസവുമായി തരൂർ

single-img
1 April 2022

ഏപ്രില്‍ ഫൂള്‍ എന്നത് ഒരു പാശ്ചാത്യ ആശയമാണെന്നും ഇന്ത്യയില്‍ ഈ ദിനമില്ലെന്നും പകരം ഇന്ത്യക്കാര്‍ അന്ന് അച്ഛേ ദിന്‍ ആയാണ് ആഘോഷിക്കുന്നതെന്നുമുള്ള പരിഹാസവുമായി കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് എംപി ശശി തരൂർ . രാജ്യത്തെ ദിനംപ്രതിയുള്ള ഇന്ധന വില വര്‍ധനയുള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ബിജെപി സര്‍ക്കാരിന്റെ മുദ്രാവാക്യമായ അച്ഛേ ദിന്നിനെ ശശി തരൂര്‍ പരിഹസിച്ചത്.

നേരത്തെ 2014 പൊതു തെരഞ്ഞെടുപ്പിനെ ബിജെപി നേരിട്ടത് അച്ഛാ ദിൻ എന്ന മുദ്രാവാക്യമുയർത്തിയാണ്. യുപിഎ സർക്കാരിന്റെ മോശം ഭരണത്തിന് ശേഷം ഇന്ത്യയിൽ അച്ഛാ ദിൻ ബിജെപി കൊണ്ടുവരുമെന്നായിരുന്നു അവകാശപ്പെട്ടത്. പിന്നീട് തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തിയ ബിജെപിക്കെതിരെ എവിടെ അച്ഛാ ദിൻ എന്ന ചോദ്യമുയർത്തിയാണ് പ്രതിപക്ഷം പ്രതിഷേധങ്ങൾ നടത്തിയത്.

അതേസമയം, ഇന്ന് പെട്രോളിനും, ഡീസലിനും പാചകവാതകത്തിനും വില തുടര്‍ച്ചയായി കൂട്ടുന്നതിനിടെ രാജ്യത്തെ സിഎന്‍ജി വിലയും വര്‍ധിപ്പിച്ചിരിക്കുകയാണ്. ഒരു കിലോ സിഎന്‍ജിക്ക് ഒറ്റയടിക്ക് എട്ട് രൂപയാണ് വര്‍ധിപ്പിച്ചത്. ഈ വിലവർദ്ധനവോടെ കൊച്ചിയില്‍ 72 രൂപയില്‍ നിന്നും 80 രൂപയായി ഉയര്‍ന്നു. മറ്റ് ജില്ലകളില്‍ ഇത് 83 രൂപവരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ രാജ്യത്ത് തുടര്‍ച്ചയായി പതിനൊന്ന് തവണയാണ് ഇന്ധന വില വര്‍ധിപ്പിച്ചത്.