പൊതുമേഖലാ സ്ഥാപനങ്ങളെ സര്‍ക്കാര്‍ സംരക്ഷിക്കുകയും കൂടുതല്‍ ഉയരത്തിലേക്ക് കൊണ്ടു പോവുകയും ചെയ്യും: മുഖ്യമന്ത്രി പിണറായി വിജയന്‍

single-img
1 April 2022

പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുകയും കൂടുതല്‍ ഉയരത്തിലേക്ക് കൊണ്ടുപോവുകയും ചെയുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്തി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നവീകരിച്ച കാസര്‍കോട് ബദ്രടുക്ക കെല്‍ ഇഎംഎല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഈ നിലപാടിന്റെ ഉത്തമ ദൃഷ്ടാന്തമാണ് കഴിഞ്ഞ ബജറ്റ്. വ്യവസായ സ്ഥാപനങ്ങളുടെ പുനരുജ്ജീവനത്തിന് അഞ്ചിന പരിപാടി ബജറ്റില്‍ അവതരിപ്പിച്ചിട്ടുണ്ട്. ടെക്‌സ്‌റ്റൈല്‍സ് ഉള്‍പ്പടെയുള്ള വ്യവസായ മേഖലയെ ഒറ്റത്തവണ മൂലധനസഹായം നല്‍കി സംരക്ഷിക്കുകയും ഇതിന്റെ ഭാഗമാണ്. ഇവിടെ തൊഴിലാളികളും ജീവനക്കാരും ആഗ്രഹിക്കുന്ന കാര്യമാണ് പ്രവൃത്തി പഥത്തിലായിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ സംരക്ഷിക്കുക തന്നെ ചെയ്യും.

പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിച്ചും ശക്തിപ്പെടുത്തിയും സാമൂഹിക നീതിയിലധിഷ്ഠിതമായ വ്യാവസായിക മുന്നേറ്റം സാധ്യമാക്കാമെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് കെ ഇ എല്ലിനെ സ്വകാര്യവല്‍കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അനുവദിക്കാതെ കേരള സര്‍ക്കാര്‍ ഈ സ്ഥാപനത്തെ ഏറ്റെടുത്തതും പൊതുമേഖലയില്‍ നിലനിര്‍ത്തിയതും. കമ്പനിയുടെ പുനരുദ്ധാരണത്തിന് ആവശ്യമായ 43 കോടി രൂപയും മുന്‍കാലങ്ങളില്‍ കമ്പനിക്കുണ്ടായ 34 കോടി രൂപയുടെ ബാധ്യതയും ചേര്‍ത്ത് 77 കോടിയോളം രൂപ ചിലവഴിച്ചാണ് സര്‍ക്കാര്‍ ഈ സ്ഥാപനത്തെ പൊതുമേഖയില്‍ നിലനിര്‍ത്തിയത്. പൊതുമേഖലയിലെ ഇടപെടലുകളില്‍ നിന്നും പിന്‍വാങ്ങാതെ അവയെ കൂടുതല്‍ ശാക്തീകരിക്കുന്ന സര്‍ക്കാരിന്റെ നയത്തിന്റെ തെളിവാണിത്.

കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനീയറിംഗ് കമ്പനിയുടെ ഭാഗമായിരുന്നു ഇ.എം.എല്‍. 1990 മുതല്‍ പ്രവര്‍ത്തിച്ചിരുന്ന ഈ യുണിറ്റ്, 2010 ലാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡിന് കൈമാറിയത്. 51 ശതമാനം ഓഹരികള്‍ ഭെല്ലിന്റെ പക്കലും 49 ശതമാനം ഓഹരികള്‍ കേരള സര്‍ക്കാരിന്റെ കൈവശവുമായിരുന്നു. ഒരു സംയുക്ത സംരംഭം എന്ന നിലയില്‍ ഭെല്‍ – ഇ.എം എല്‍ എന്ന പേരിലാണ് പുതിയ കമ്പനി രൂപീകരിച്ചത്. പവര്‍ കാര്‍ ആള്‍ട്ടര്‍നേറ്റര്‍, ട്രെയിന്‍ ലൈറ്റിംഗ് ആള്‍ട്ടര്‍നേറ്റര്‍ എന്നിവയുടെ നിര്‍മാണം, ഡീസല്‍ ജനറേറ്റര്‍ സെറ്റിംഗിന്റെ സംയോജനം, വില്‍പന എന്നിവയായിരുന്നു കേരള സര്‍ക്കാരിന്റെ കീഴില്‍ നിലനിന്നിരുന്ന സമയത്ത് യൂണിറ്റിന്റെ പ്രവര്‍ത്തനം.

അത് കൂടുതല്‍ വൈവിധ്യവല്‍ക്കരിക്കുക എന്ന ലക്ഷ്യമായിരുന്നു യൂണിറ്റിനെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭെല്ലിനു കൈമാറുമ്പോള്‍ നമുക്കുണ്ടായിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ച നേട്ടം ഭെല്ലിന്റെ കീഴില്‍ ഇ എം എല്ലിന് ലഭിച്ചില്ല. അതോടുകൂടി സ്വകാര്യവത്കരണത്തിന്റെ ഭീഷണി ഉയര്‍ന്നു. ഈ സമയത്താണ് കേരള സര്‍ക്കാര്‍ ഇ എം എല്ലിനെ ഏറ്റെടുക്കാന്‍ തയ്യാറായത്. മുന്‍പ് പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ ഏറ്റെടുക്കാനും ഇത്തരത്തില്‍ കേരള സര്‍ക്കാര്‍ തയ്യാറായിരുന്നു. ഇതു കേരളം ഉയര്‍ത്തിക്കാട്ടുന്ന ബദല്‍ തന്നെയാണ്. രാജ്യത്തുടനീളം പൊതുമേഖല വിറ്റഴിക്കപ്പെടുന്ന അവസ്ഥയാണുള്ളത്.

തന്ത്രപ്രധാന മേഖലകളിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ വരെ വിറ്റഴിക്കപ്പെടുന്നു. എന്നാല്‍, പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുക എന്നത് സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ്. നല്ല നിലയില്‍ നടന്ന എച്ച്എംഎല്ലിനെ വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ പരസ്യ ലേലത്തില്‍ പങ്കെടുത്താണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത്. ഏതാനും നാളുകള്‍ക്കകം അത് പ്രവര്‍ത്തനം തുടങ്ങുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇക്കഴിഞ്ഞ ബജറ്റിലാകട്ടെ പൊതുമേഖലാ യൂണിറ്റുകളുടെ പുനരുജ്ജീവനത്തിന് അഞ്ചിന പരിപാടി അവതരിപ്പിക്കുകയുണ്ടായി. ഒറ്റത്തവണ മൂലധന സഹായത്തോടെ പുനരുജ്ജീവിപ്പിക്കേണ്ട ടെക്സ്റ്റയില്‍ മേഖല ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ കണ്ടെത്തിയിട്ടുണ്ട്. 2017-18 മുതല്‍ 2021-22 വരെയുള്ള വര്‍ഷങ്ങളില്‍ ആരംഭിച്ചതും നിലവില്‍ നടന്നുകൊണ്ടിരിക്കുന്നതുമായ പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി നടപ്പുവര്‍ഷം 262 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

തിരുവനന്തപുരം ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറി പുറന്തള്ളുന്ന മാലിന്യത്തില്‍ നിന്നു മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുന്നതിനായി 23 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പവര്‍ ഇലക്‌ട്രോണിക്‌സ്, പ്രതിരോധ ഇലക്‌ട്രോണിക് സംവിധാനങ്ങള്‍, ഇന്റലിജന്റ് മാനേജ്‌മെന്റ് സിസ്റ്റം എന്നീ പുതിയ പദ്ധതികള്‍ക്കായി കെല്‍ട്രോണിന് 15 കോടി രൂപയാണ് നല്‍കുന്നത്. ന്യൂസ് പ്രിന്റ് ഉത്പാദനം പുനരാരംഭിക്കുന്നതിനും മേല്‍ത്തരം പേപ്പര്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതുള്‍പ്പെടെയുള്ള വൈവിധ്യവല്‍ക്കരണത്തിനുമായി കേരള പേപ്പര്‍ പ്രോഡക്ട്‌സ് ലിമിറ്റഡിന് 20 കോടി രൂപയും, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡിനായി 60 ലക്ഷം രൂപയും മാറ്റിവെച്ചിട്ടുണ്ട്.

കെ ഇ എല്‍ – ഇ എം എല്ലിനോടൊപ്പം കെ-ഡിസ്‌ക്, കെല്‍ട്രോണ്‍, ഓട്ടോകാസ്റ്റ്, കെ എ എല്‍ എന്നീ സ്ഥാപനങ്ങള്‍ക്കു സംയുക്തമായി ഇലക്ട്രിക് വാഹന ഭാഗങ്ങളും മറ്റും വികസിപ്പിക്കുന്ന ഗ്രീന്‍ മൊബിലിറ്റി ഹബ്ബ് സ്ഥാപിക്കുന്നതിന് 28 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളെ കാലാനുസൃതമായി നവീകരിക്കുകയാണ്. അവയെ പ്രവര്‍ത്തനക്ഷമവും ഉത്പാദനക്ഷമവുമായ സ്ഥാപനങ്ങളാക്കി മാറ്റുകയാണ്. അങ്ങനെ നാടിന്റെ പൊതുവായ വ്യവസായ മുന്നേറ്റത്തിനുതകുന്ന സാഹചര്യം ഒരുക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെയുള്ള തൊഴിലാളികളും അവരുടെ സംഘടനകളും സ്ഥാപനത്തെ മെച്ചപ്പെടുത്താനും വളര്‍ച്ചയിലേക്കെത്തിക്കാനും മാതൃകാപരമായി നിലകൊള്ളണം. സ്വകാര്യ മേഖലയ്ക്കു വില്‍ക്കാന്‍ വച്ചിരുന്ന ഒരു സ്ഥാപനത്തെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനു പിന്നില്‍ ഇവിടുത്തെ തൊഴിലാളികളോടുള്ള കരുതല്‍ മനോഭാവം കൂടി അടങ്ങിയിട്ടുണ്ട് എന്നത് ഓര്‍ക്കണം. സര്‍ക്കാരുമായി സഹകരിക്കാനും സ്ഥാപനം തുറന്നു പ്രവര്‍ത്തിക്കാനും പൂര്‍ണ്ണമായും സഹകരിച്ച എല്ലാ തൊഴിലാളി സംഘടനകളെയും അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ഫാക്ടറി കെട്ടിടങ്ങളുടെയും ഭൂരിഭാഗം യന്ത്രസാമഗ്രികളുടെയും അറ്റകുറ്റപണികള്‍ നടത്തിയിട്ടുണ്ട്. കൂടുതല്‍ ഉത്പാദനക്ഷമമായ ഒരു സ്ഥാപനമാക്കി ഇതിനെ മാറ്റുന്നതിന് അവ ഉപകരിക്കുന്നു എന്നുറപ്പുവരുത്തേണ്ടത് തൊഴിലാളികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെ ആ ദിവസവും വന്നിരിക്കുകയാണ് എന്ന ആമുഖത്തോടെയാണ് കെ എല്‍ ഇ എം എല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.