അന്വേഷണ സംഘം തന്നെയും കുടുംബത്തെയും കൂട്ടത്തോടെ പ്രതിയാക്കുന്നു; കേസിന്റെ പേരിൽ പീഡിപ്പിക്കുകയാണെന്ന് ദിലീപ് കോടതിയിൽ

single-img
30 March 2022

അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചു എന്ന കേസിന്റെ പേരിൽ തന്നെ പീഡിപ്പിക്കുകയാണെന്ന് ദിലീപ് കോടതിയിൽ ആരോപിച്ചു. ഈ കേസിൽ തനിക്കെതിരെ പ്രഥമ ദൃഷ്ട്യ തെളിവുകളില്ലെന്ന് ഹൈക്കോടതി മുൻകൂർ ജാമ്യ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അന്വേഷണ സംഘം തന്നെയും കുടുംബത്തെയും കൂട്ടത്തോടെ പ്രതിയാക്കുന്നുവെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു.

വീട്ടിൽ തന്റെ 87 വയസ്സുള്ള അമ്മയുടെ മുറിയിൽ പോലും പരിശോധനയുടെ പേരിൽ പോലീസ് കയറിയിറങ്ങിയെന്നും അന്വേഷണ ഉദ്യോഗസ്ഥർ നിരന്തരം റെയ്ഡ് നടത്തുകയാണെന്നും ദിലീപ് പരാതിപ്പെട്ടു. അതേസമയം, കേസിൽ നാളെയും വാദം തുടരും.

ഇതിനിടെ വധഗൂഢാലോചന കേസിൽ ചോദ്യങ്ങളുമായി ഹൈക്കോടതി രംഗത്തെത്തി. ഗൂഢാലോചനയുടെ അടിസ്ഥാനത്തിൽ ഒരു കുറ്റകൃത്യം ചെയ്യേണ്ടേയെന്നും ഹൈക്കോടതി ചോദിച്ചു. ഇതിന് മറുപടിയായി വധഗൂഢാലോചനയ്ക്ക് തെളിവുകളുണ്ടെന്നും സംവിധായകൻ ബാലചന്ദ്രകുമാർ ഓഡിയോകളും തെളിവുകളും കൈമാറിയിട്ടുണ്ടെന്നും പ്രൊസിക്യൂഷൻ പറഞ്ഞു.