മുസ്ലിം ഭരണാധികാരികളെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ കുറയ്ക്കാനുള്ള തീരുമാനവുമായി കര്‍ണാടക

single-img
29 March 2022

ടിപ്പു സുല്‍ത്താന്‍ ഉൾപ്പെടെയുള്ള മുസ്ലിം ഭരണാധികാരികളെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ വെട്ടിക്കുറക്കാനുള്ള തീരുമാനവുമായി കര്‍ണാടക സര്‍ക്കാര്‍. കർണാടക ചരിത്രത്തിൽ പ്രധാനികളായ ടിപ്പു സുല്‍ത്താന്‍, ബാബര്‍, മുഹമ്മദ് ബിന്‍ തുഗ്ലക്ക് തുടങ്ങിയ ഭരണാധികാരികളെ കുറിച്ച് പറയുന്ന ഭാഗങ്ങളാണ് കര്‍ണാടക പാഠപുസ്തക പരിഷ്ക്കാര കമ്മിറ്റി കുറയ്ക്കുന്നത്.

ഇതോടൊപ്പം തന്നെ ടിപ്പുവിനെ മഹത്വവത്കരിക്കുന്ന വിശേഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മൈസൂര്‍ കടുവ, സ്വാതന്ത്ര്യസമര സേനാനി എന്നിങ്ങിനെ ടിപ്പുവിനെ കുറിച്ചുള്ള വിശേഷണങ്ങള്‍ പൂർണ്ണമായി ഒഴിവാക്കും.

മുഗള്‍ സാമ്രാജ്യത്തെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പാഠഭാഗവും ഒഴിവാക്കി ഒരു സംക്ഷിപ്ത വിവരണം മാത്രമാണ് പുസ്തകങ്ങളില്‍ ഉണ്ടാവുക. എന്നാൽ കശ്മീരിലെ കര്‍ക്കോട്ട, അസമിലെ അഹോം സാമ്രാജ്യങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുതിയതായി ഉള്‍പ്പെടുത്തും. കർണാടകയിൽ ടിപ്പുവിനെ കുറിച്ച് പഠിപ്പിക്കുന്ന ഭാഗങ്ങള്‍ തെറ്റാണെന്നും, ശരിയായ കാര്യങ്ങളാണ് പഠിപ്പിക്കേണ്ടതെന്നും സംസ്ഥാന പാഠപുസ്തക പരിഷ്‌കാര സമിതി തലവന്‍ രോഹിത് ചക്രതീര്‍ത്ഥ പറഞ്ഞു.