വെഞ്ഞാറമ്മൂട്ടില്‍ വൻസിപിഎം – സിപിഐ സംഘർഷ സാധ്യത എന്ന് ഇന്റലിജന്‍സ്; ഗവര്‍ണറുടെ വാഹനം വഴിതിരിച്ചുവിട്ടു

single-img
29 March 2022

തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമ്മൂട്ടില്‍ വന്‍ സംഘര്‍ഷത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഇതിനെ തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും 400ലധികം പോലീസുകാര്‍ വെഞ്ഞാറമൂട്ടിലേക്ക് തിരിച്ചതായാണ് വിവരം എന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, വെഞ്ഞാറമ്മൂട് വഴി കടന്ന് പോകേണ്ട ഗവര്‍ണറുടെ വാഹന വ്യൂഹം ആറ്റിങ്ങല്‍ വഴി തിരിച്ചുവിട്ടു.

വെഞ്ഞാറമ്മൂട്ടില്‍ വീണ്ടും സിപിഎം – സിപിഐ പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘട്ടനത്തിന് സാദ്ധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ്. നിലവിൽ വെഞ്ഞാറമ്മൂട്, വെമ്പായം മേഖലയില്‍ കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. വെഞ്ഞാറമ്മൂട് പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ക്ക് പുറമേ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 400ലധികം പോലീസുകാര്‍ വെഞ്ഞാറമൂട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

മുൻകരുതൽ എന്ന നിലയിൽ എസ്പിമാരെയും ആര്‍ഡിഒയേയും വിവരം അറിയിച്ചിട്ടുണ്ട്. പോലീസിന്റെ ഫോട്ടോഗ്രാഫര്‍മാര്‍, വീഡിയോ ഗ്രാഫര്‍മാര്‍ എന്നിവരേയും ഇവിടേയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് നാല് മണിക്ക് വെഞ്ഞാറമ്മൂട് വഴി കോട്ടയം ഭാഗത്തേക്ക് പോകേണ്ടിയിരുന്ന ഗവര്‍ണറുടെ വാഹന വ്യൂഹവും സംഘര്‍ഷാവസ്ഥ മുന്നില്‍ കണ്ട് ആറ്റിങ്ങള്‍ വഴി തിരിച്ച് വിട്ടു.

ഇന്നലെ വെഞ്ഞാറമ്മൂട്ടില്‍ പൊതുപണിമുടക്കുമായി ബന്ധപ്പെട്ട് നടന്ന ജാഥയ്ക്കിടെ സിപിഎം – സിപിഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റം ഉന്തും തള്ളലിലും കലാശിച്ചിരുന്നു. ഈ സമയം പോലീസിന്റെ സമയോചിതമായ ഇടപെടല്‍ കാരണം അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനായിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്.