ജീവൻ നഷ്ടമായാലും അട്ടിമറി ശ്രമങ്ങൾക്ക് കീഴടങ്ങില്ല; പ്രഖ്യാപനവുമായി ഇമ്രാൻ ഖാൻ

single-img
28 March 2022

തന്റെ ജീവൻ നഷ്ടമായാലും അട്ടിമറി ശ്രമങ്ങൾക്ക് കീഴടങ്ങില്ലെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. രാജ്യ തലസ്ഥാനമായ ഇസ്‍ലാമാബാദിൽ ഇമ്രാൻ അനുകൂലികളുടെ വൻ ശക്തിപ്രകടനമാണ് നടന്നത്. പാകിസ്താൻ തഹ്‌രീകെ ഇൻസാഫ് സംഘടിപ്പിച്ച വൻറാലിയിൽ ലക്ഷങ്ങൾ പങ്കെടുത്തു.

അതേസമയം, ഈ റാലിയിൽ വെച്ച് ഇമ്രാൻ രാജി പ്രഖ്യാപിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. രാജ്യത്തിന്റെ മുന്നോട്ടുള്ള ഭാവി നിർണയിക്കുന്ന റാലി എന്ന പ്രഖ്യാപനത്തോടെയാണ് അംറുൽ ബിൽ മഅ്റൂഫ് ജൽസ എന്ന പേരിൽ ഇസ്‍ലാമാബാദിൽ കൂറ്റൻ റാലി നടന്നത്. പ്രധാനമന്ത്രി സ്ഥാനത്തുനിന്നും ഇമ്രാൻ ഖാൻ രാജിവെച്ചേക്കുമെന്ന അഭ്യൂഹവും പരന്നിരുന്നു.

എന്നാൽ, റാലിയിൽ തന്റെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ ഇമ്രാൻ ഖാൻ ഒരു കുതന്ത്രത്തിനു മുന്നിലും തോറ്റു പിന്മാറില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു. നിലവിൽ പാക് പാർലമെന്റിൽ പ്രതിപക്ഷം ഇമ്രാനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുകയാണ്. ആകെ 342 അംഗങ്ങളുള്ള ദേശീയ അസംബ്ലിയിൽ 179 പേരുടെ പിന്തുണയാണ് ഇമ്രാനുണ്ടായിരുന്നത്.

എന്നാൽ ഇതിനിടെ ഇമ്രാന്റെ സ്വന്തം പാർട്ടിയായ തെഹ്‌രികെ ഇൻസാഫിലെ 24 വിമത എംപിമാരും ഒപ്പം നിന്ന മൂന്ന് ചെറുകക്ഷികളും അവിശ്വാസത്തെ അനുകൂലിക്കുമെന്നു പ്രഖ്യാപിച്ചതോടെയാണ് ഇമ്രാന്റെ നില പരുങ്ങലിലായത്. ഇതോടൊപ്പം തന്നെ പാക് സൈന്യവും ഇമ്രാനെ കൈവിട്ടു.