എല്ലാ സ‍ർക്കാർ ജീവനക്കാരും നാളെ ജോലിക്ക് എത്തണം; ഡയസ്നോൺ പ്രഖ്യാപിച്ച് കേരളാ സ‍ർക്കാ‍ർ

single-img
28 March 2022

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഡയസ്നോൺ പ്രഖ്യാപിച്ച് കേരളാ സ‍ർക്കാ‍ർ. ഇതോടുകൂടി സംസ്ഥാനത്തെ മുഴുവൻ സ‍ർക്കാർ ജീവനക്കാരും നാളെ ജോലിക്ക് എത്തണം. അവശ്യസാഹചര്യത്തിൽ അല്ലാതെ നാളെ ആ‍ർക്കും അവധി അനുവദിക്കില്ലെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി ഉത്തരവിറക്കുകയായിരുന്നു. കോടതി പുറപ്പെടുവിച്ച വിധിയുടെ പക‍ർപ്പ് പരിശോധിച്ച അഡ്വക്കറ്റ് ജനറൽ നൽകിയ നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് അവശ്യ സ‍ർവ്വീസ് നിയമമായ ഡയസ്നോൺ പ്രഖ്യാപിക്കാൻ സംസ്ഥാന സ‍ർക്കാർ തീരുമാനിച്ചത്.

ഹൈക്കോടതിയുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ തുട‍ർനടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെടുന്ന കുറിപ്പോടെ അഡ്വക്കറ്റ് ജനറൽ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി ഉത്തരവിൻ്റെ പക‍ർപ്പ് കൈമാറുകയായിരുന്നു. ഇതിനെ തുടർന്ന് സംസ്ഥാന ‍ചീഫ് സെക്രട്ടറി ഉത്തരവിറക്കുകയായിരുന്നു.

സർക്കാർ ജീവനക്കാർക്ക് പണിമുടക്കിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നും ഇതുപോലുള്ള സാഹചര്യത്തിൽ സ‍ർക്കാർ കൈയും കെട്ടി നോക്കി നിൽക്കരുതെന്നും ഇന്ന് രാവിലെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്ന് വ്യക്തമാക്കിയ കേരളാ ഹൈക്കോടതി പണിമുടക്കിയവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് അറിയിച്ച് ഇന്ന് തന്നെ ഉത്തരവിറക്കാൻ സർക്കാറിന് നിർദ്ദേശം നൽകിയിരുന്നു.