ആര്‍എസ്എസിനെതിരായ ലേഖനം; മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന മാതൃഭൂമിയുടെ ആവശ്യം തള്ളി സുപ്രീംകോടതി

single-img
27 March 2022

ആര്‍എസ്എസിനെതിരെ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പേരില്‍ തങ്ങള്‍ക്കെതിരെ എടുത്തിട്ടുള്ള മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന മാതൃഭൂമിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. കേരളാ ഹൈക്കോടതി തള്ളിയ ഹര്‍ജിക്കെതിരായ അപ്പീലാണ് സുപ്രീംകോടതി തീര്‍പ്പാക്കിയിരിക്കുന്നത്.

ജസ്റ്റിസ് ദിനേഷ് മഹേശ്വരി, ജസ്റ്റിസ് അനിരുദ്ധ ബോസ് എന്നിവരുടെ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്. അതേസമയം, ജസ്റ്റിസ് സോഫിയ തോമസിന്റെ ഹൈക്കോടതി ബെഞ്ച് നേരത്തെ ഈ ആവശ്യം തള്ളിയിരുന്നു. മാതൃഭൂമി കമ്പനിക്കും ഒമ്പതുപേര്‍ക്കുമെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി വിധിയുണ്ടായിരിക്കുന്നത്.

ആര്‍എസ്എസ് കേരളാ സംസ്ഥാന സെക്രട്ടറി പി ഗോപാലന്‍ കുട്ടി മാസ്റ്ററായിരുന്നു പരാതി നൽകിയത് . മാതൃഭൂമിയുടെ ആഴ്ചപ്പതിപ്പില്‍ 2011 ഫെബ്രുവരി 27ന് ‘ആര്‍എസ്എസ് ഭീകരത ഇന്ത്യയെ വിഴുങ്ങുമോ’ എന്ന ക്യാപ്‌ഷനിൽ പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരെയായിരുന്നു പരാതി. പ്രസ്തുത ലേഖനം സംഘടനയ്ക്ക് ജനങ്ങള്‍ക്കിടയില്‍ അപകീര്‍ത്തിയുണ്ടാക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമാണ് എന്നും പരാതിയിൽ പറഞ്ഞിരുന്നു.

ആഴ്ചപ്പതിപ്പിലെ ലേഖനം സമൂഹത്തിലെ വ്യത്യസ്ത വിഭാങ്ങള്‍ക്കിടയില്‍ മതത്തിന്റെ പേരില്‍ ശത്രുതയുണ്ടാക്കുന്നതുമാണ് എന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഹർജിയിൽ ആര്‍എസ്എസിനെതിരായ ലേഖനം നലനില്‍ക്കുന്നതാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.