50 ഭരണകക്ഷി മന്ത്രിമാരെ കാണാനില്ല; അവിശ്വാസപ്രമേയ സമ്മർദ്ദത്തിൽ ഇമ്രാൻ ഖാൻ

single-img
27 March 2022

പാകിസ്ഥാനിൽ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം പരിഗണിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ 50 ഭരണകക്ഷി മന്ത്രിമാരെ പൊതുവേദികളില്‍ കാണുന്നില്ലെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദേശീയ – പ്രവശ്യ മന്ത്രിമാർ ഉൾപ്പെടെ 50 ജനപ്രതിനിധികളെയാണ് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയില്‍ നിന്നും കാണാതായിരിക്കുന്നത്.

പ്രതിപക്ഷം അവതരിപ്പിക്കുന്ന അവിശ്വാസപ്രമേയം പ്രധാനമന്ത്രിക്കുമേല്‍ സമ്മര്‍ദം സൃഷ്ടിക്കുന്നതിനിടയിലും ഫെഡറല്‍ തലത്തില്‍ ഇമ്രാന്‍ ഖാന് ജനപ്രതിനിധികളുടെ പിന്തുണയുണ്ടെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് ഇപ്പോൾ മന്ത്രിമാരുടെ തിരോധാനം പ്രതിസന്ധി ഉണ്ടാക്കുന്നത്.

പാകിസ്ഥാനെ സാമ്പത്തികമായി തകര്‍ത്തു എന്നതാണ് ഇമ്രാന്‍ ഖാനെതിരായ പ്രധാന പ്രതിപക്ഷ ആരോപണം. നിലവിൽ 100 അംഗങ്ങള്‍ ഒപ്പിട്ടാണ് മാര്‍ച്ച് 8ന് ഇമ്രാനെതിരായ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്. അവിശ്വാസ പ്രമേയം വോട്ടെടുപ്പിലേക്ക് നീങ്ങിയാല്‍ 172 വോട്ടാണ് ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടത്. നിലവിൽ പ്രതിപക്ഷത്തിന് 162 സീറ്റുണ്ട്. ഇമ്രാന്‍ ഖാന്റെ തന്നെ സ്വന്തം പാര്‍ട്ടിയായ തെഹ്രീകെ ഇന്‍സാഫിലെ 24 അംഗങ്ങള്‍ പ്രതിപക്ഷത്തിന് പിന്തുണ വാഗ്ദാനം ചെയ്തിരിക്കുകയാണ്.